Vishu Special: `മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്....`കാവ്യജീവിതം പങ്കുവച്ച് മുരുകൻ കാട്ടാക്കട
മലയാളത്തിൻ്റെ പ്രിയ കവിയും അധ്യാപകനും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുമായുള്ള അഭിമുഖം
മലയാളത്തിൻ്റെ പ്രിയപ്പെട്ട കവിയും അധ്യാപകനും ഗാനരചയിതാവുമാണ് മുരുകൻ കാട്ടാക്കട. കാട്ടാക്കട ആമച്ചൽ കുച്ചപ്പുറം ഗ്രാമത്തിൽ ജനിച്ച് സാധാരണ കുടുംബത്തിൽ വളർന്ന് വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കവിതകളെ ജനകീയമാക്കിയത്. മുരുകൻ കാട്ടാക്കടയുമായുള്ള അഭിമുഖം:
ഉള്ളിലൊരു കവിയുണ്ടെന്ന് തിരിച്ചറിഞ്ഞതെങ്ങനെ?
കുട്ടിക്കാലം മുതൽ എഴുതുന്നതിനൊപ്പം വായനക്കും പ്രാധാന്യം നൽകിയിരുന്നു. മൂന്നാം ക്ലാസ് മുതൽ തന്നെ ബാലരമ പോലുള്ള പുസ്തകങ്ങൾ വായിച്ചിരുന്നു. വായന നന്നായിട്ട് ഉണ്ടായിരുന്നതുകൊണ്ട് പത്താം ക്ലാസ് മുതൽ തന്നെ കാര്യമായിട്ട് എഴുതി തുടങ്ങി. എന്നാൽ എഴുത്തിനെ ഗൗരവതരമായെടുത്തിട്ട് 22 വർഷത്തോളം പിന്നിട്ടിരിക്കുന്നു. കവിത എന്നുള്ളത് ഒരാൾക്ക് നൈസർഗികമായി സംഭവിക്കുന്നതാണല്ലോ
പഴയതിൽ നിന്ന് പുതുമയിലേക്ക്.... കാവ്യജീവിതത്തെ എങ്ങനെ ഓർത്തെടുക്കുന്നു?
നാമെല്ലാവരും രൂപംകൊള്ളുന്നത് നമ്മുടെ ജീവിത സാഹചര്യത്തിലൂടെയാണ്. മുംബെയിലൊക്കെ യാത്ര ചെയ്യുമ്പോൾ കണ്ടിട്ടുണ്ട് അവിടുത്തെ തെരുവോരങ്ങളിൽ പാലങ്ങളിൽ ഒക്കെ നിരവധി കുഞ്ഞുങ്ങൾ മനുഷ്യരാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഭാഷകൊണ്ട് മറ്റുള്ളവരോട് സംവദിക്കാൻ പോലും അറിയാത്ത രീതിയിൽ ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. അവർ വളർന്നു വന്ന പാരിസ്ഥിതിക സാഹചര്യമാണ് അവരെ അങ്ങനെയാക്കി തീർത്തത്. എത്രയോ കവികൾ, ശാസ്ത്രജ്ഞൻമാർ തുടങ്ങിയവർ അക്കൂട്ടത്തിൽ ഉണ്ടാകും. നമ്മൾ വളർന്നുവന്ന ജീവിത സാഹചര്യമാണ് നമ്മളെ ഇവിടെയാക്കി തീർത്തത്. കാട്ടാക്കട ആമച്ചലിലെ കുച്ചപ്പുറം ഗ്രാമമാണ് കവിയാക്കി തന്നെ പരുവപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ഭാര്യ ലേഖയോട്- കവിയെന്ന നിലയിൽ മുരുകൻ കാട്ടാക്കട വീട്ടിലെങ്ങനെ? പ്രണയ വിവാഹമായിരുന്നില്ലേ!
അടുത്തായിരുന്നു വീട്. ബാല്യം മുതൽ പരസ്പരം അറിയാം. അങ്ങനെയുള്ള അടുപ്പത്തിൽ നിന്നാണ് സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും ജീവിതം മാറിയത്.
കവിതയെഴുതി കഴിഞ്ഞാൽ വീട്ടിൽ ആദ്യം ഭാര്യയെ ചൊല്ലി കേൾപ്പിക്കും. ഫസ്റ്റ് ലിസണർ ഭാര്യയാണ്. ഇത് കേട്ട ശേഷം ഭാര്യ നിർദ്ദേശങ്ങൾ പറയാറുണ്ട്. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകാറുണ്ട്. രേണുക എന്ന കവിത എഴുതിയതിൽ ലേഖയുടെ ഇടപെടലും നിർണായകമായിരുന്നു.
കവിതയെഴുത്തിനൊപ്പം ആലാപനവും!
സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ കവിത ഈണത്തിൽ ചൊല്ലി തരുമായിരുന്നു. അത് കാണാതെ പഠിച്ചു പോകും. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകർ ചൊല്ലിത്തന്ന കവിതകൾ ഇന്നും മനസ്സിലുണ്ട്. ബാലരമ, അമ്പിളി അമ്മാവൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ, അതിലെ കവിതകൾ അധ്യാപകർ പറഞ്ഞു നൽകിയതു പോലെ തന്നെ ചൊല്ലാൻ ശ്രമിക്കാറുണ്ടായിരുന്നു. കവിതയെഴുതുന്നതിനോടൊപ്പം തന്നെ ആലാപനത്തിനും കുഞ്ഞുനാൾ മുതൽ ശ്രമിക്കുമായിരുന്നു.
വിഷു ആഘോഷങ്ങൾ എങ്ങനെ?
വിത്തുത്സവമാണ് വിഷു. വിഷുവിന് ആഘോഷങ്ങൾ പതിവില്ല. കുടുംബത്തോടൊപ്പം തന്നെയുണ്ടാകും. എന്തെങ്കിലും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കേണ്ടതായി വന്നാൽ അതിനു പോകും. അല്ലാതെ, വലിയ ആഘോഷങ്ങളില്ല.
സിനിമാജീവിതത്തിലേക്കുള്ള വരവിനെക്കുറിച്ച്?
ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തിലെ പാട്ട് മുതലാണ് സിനിമയിൽ സുപരിചിതനാകുന്നത്. അതിനു മുൻപ് 'പറയാൻ മറന്നത്' എന്ന സിനിമയ്ക്ക് വേണ്ടി കവിത ചൊല്ലിയിരുന്നു. മലയാളി പ്രേക്ഷകർക്കിടയിൽ അത് ശ്രദ്ധിക്കപ്പെട്ടു. 'ഒരു നാൾ വരും' എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് സജീവമാകുന്നത്. എം.ജി ശ്രീകുമാർ സ്വതന്ത്ര സംവിധായകനായ ചിത്രം. 'മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്....' എന്ന പാട്ട് പ്രേക്ഷകലക്ഷങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിപ്പോഴും ജീവിതത്തിൽ വലിയ സന്തോഷവുമാണ് നൽകുന്നത്.
അഭിമുഖത്തിൻ്റെ പൂർണ രൂപം വിഷുദിനത്തിൽ സീ മലയാളം ന്യൂസിൻ്റെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും പ്രേക്ഷകർക്ക് ആസ്വദിക്കാം........
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...