തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിർത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖ നിർമ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ ശ്രദ്ധക്ഷണിക്കലിന്  മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തരമായി പിന്തിരിയണം എന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന. അതിനവര്‍ തയ്യാറാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റ് ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മ്മാണം. 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്.


ALSO READ: Buffer Zone: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി രൂപതാധ്യക്ഷൻ


കേന്ദ്രസര്‍ക്കാരിന്‍റെ അക്രഡിറ്റഡ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഈ പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതിപ്രദേശത്തിന്‍റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറ് മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ഷോര്‍ലൈന്‍ നിരീക്ഷിക്കുവാന്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടും ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്‍റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.


അതേസമയം മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായാണ് കാണുന്നത്. ഇതില്‍ ചിലത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളവയും ചിലത് അടിയന്തരമായി  പരഗിണിക്കേണ്ടവയുമാണ്. എന്നാല്‍ ഒരു വിഭാഗം കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമായും ഏഴ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്തിന്‍റെ പരിസരത്തും സമരം നടത്തി വരികയാണ്.  അവര്‍ ഉന്നയിച്ച ഏഴ് പ്രധാന ആവശ്യങ്ങളില്‍ ഭൂരിഭാഗത്തിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍ തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തോട് സര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഇവയാണ്.


ALSO READ: Vizhinjam protest: വിഴിഞ്ഞം സമരം നിലനിൽപ്പിനായുള്ള സമരമെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലർ; സമരം സെപ്തംബർ നാല് വരെ നീട്ടാൻ തീരുമാനം


1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക.


2. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക.


3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക.


4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയുമായ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക.


5. മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ ഇടപെടുക. തമിഴ്നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക.


6. കാലാവാസ്ഥാ മുന്നറിയിപ്പ് കാരണം കടലില്‍ പോകുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക.


7. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.


സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍  ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തുറമുഖത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ കടലോര മേഖലയില്‍ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആശങ്ക ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചുവരികയാണ്. ഇവ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളും സഹകരിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ അവര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുമുണ്ട്.


മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ സംയമനത്തോടെയാണ് സര്‍ക്കാരും പോലീസും കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഏത് വിധേനയും സംഘര്‍ഷമുണ്ടാക്കണമെന്ന രീതിയില്‍ ഒരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാവില്ല. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശത്തോടെയല്ലായെന്നും ചിലര്‍ക്കെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും വിസ്മരിക്കാനാവില്ല. ഇപ്പോള്‍ ഈ വിഷയം ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമായിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.