VIzhinjam Protest : വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സമവായ ചർച്ചയ്ക്ക് ഒരുങ്ങി അദാനി ഗ്രൂപ്പ്
സമരം ഒത്തുതീർപ്പാക്കാനുള്ള ഔദ്യോഗിക ചർച്ചകൾ നടക്കാതെ വന്നതോടെയാണ് അനൗദ്യോഗിക ചർച്ചകളുമായി മുന്നോട്ട് പോകാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.
വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അദാനി ഗ്രൂപ്പ്. സമരം അവസാനിപ്പിക്കാൻ അദാനി ഗ്രൂപ്പ് സമവായ ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. കൂടാതെ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്നും അദാനി ഗ്രൂപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ ഇതിന് അനുകൂലമായ പ്രതികരണം ഇനിയും ലഭിച്ചിട്ടില്ല. സമരം ഒത്തുതീർപ്പാക്കാനുള്ള ഔദ്യോഗിക ചർച്ചകൾ നടക്കാതെ വന്നതോടെയാണ് അനൗദ്യോഗിക ചർച്ചകളുമായി മുന്നോട്ട് പോകാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.
ഇതിനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തി. സമരക്കാരുമായി ചർച്ച നടത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മധ്യസ്ഥരുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തിയത്. കെ.വി.തോമസ് അടക്കം ഉള്ള പൊതുപ്രവർത്തകരുമായാണ് ചർച്ച നടത്തിയത്. തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനാണ് സിഎസ്ആർ ഫണ്ട് ഉപയോഗിക്കുന്നത്.
ALSO READ: വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി
ലത്തീൻ അതിരൂപതയെ അദാനി ഗ്രൂപ്പിന്റെ പുതിയ നിർദ്ദേശങ്ങൾ അറിയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ സമരസമിതി മുന്നോട്ട് വെച്ച ഏഴ് ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ ഒരു ആവശ്യം തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നതാണ്.
വിഴിഞ്ഞം തുറമുഖ സമരം ഒക്ടോബർ 27 ന് നൂറാം ദിനത്തിലേക്ക് കടന്നിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നൂറാം ദിനത്തിൽ സമര സമിതി അറിയിച്ചിരുന്നു. ഏഴു ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വച്ചത്. എന്നാൽ ഇതിൽ ഒന്ന് പോലും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് സമര നേതാക്കൾ പറയുന്നത്. ലത്തീൻ അതിരൂപത പ്രതിനിധികളും, സമരസമിതി നേതാക്കളും നാല് തവണ മന്ത്രിസഭാ ഉപസമിതിയുമായും ഒരു വട്ടം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...