ബഷീറിന്റെ മരണം: വഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു!!
ഈ അപകടത്തിന് മുൻപ് മൂന്നു തവണ വഫ ഫിറോസിനെതിരെ അമിത വേഗത്തിന് പിഴ ചുമത്തിയിരുന്നു
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ കാറുടമ വഫ ഫിറോസിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
തുടര്‍ച്ചയായി നിയമ ലംഘനം നടത്തിയതിനാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് വഫയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
അമിത വേഗതയ്ക്കും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും അടക്കം മൂന്ന് നോട്ടീസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് വഫക്ക് നല്‍കിയിരുന്നു.
കൂടാതെ, ഈ അപകടത്തിന് മുൻപ് മൂന്നു തവണ വഫ ഫിറോസിനെതിരെ അമിത വേഗത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ ഈ പിഴ അടച്ചിരുന്നില്ല.
അതേസമയം, കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കാണ് ശ്രീറാമിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമപ്രകാരം നോട്ടീസ് നല്‍കി 15 ദിവസം പിന്നിട്ടിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി.
മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്.