വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; വളർത്തുനായയെ കടിച്ചുകൊന്നു
വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ കടിച്ചുകൊന്നു. പരിസരത്ത് കടുവ കടിച്ചുകൊന്ന മാനിന്റെ ജഡവും കണ്ടെത്തി
സുൽത്താൻ ബത്തേരി : വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണം. വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ കടിച്ചുകൊന്നു. പരിസരത്ത് കടുവ കടിച്ചുകൊന്ന മാനിന്റെ ജഡവും കണ്ടെത്തി. എസ്‌റ്റേറ്റുടമ അഡ്വ. ജിത്തിന്റെ വളർത്തുനായയെയാണ് കൊന്നത്. പ്രദേശത്ത് കടുവാസാന്നിധ്യം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.
കഴിഞ്ഞ ദിവസമാണ് വയനാട് സുൽത്താൻ ബത്തേരിയ്ക്കടുത്ത് വാകേരി ഏതൻവാലി ഏസ്റ്റേറ്റിൽ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബത്തേരി ബീനാച്ചി പ്രദേശങ്ങളിൽ കടുവാ ആക്രമണം പതിവാണ്. ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് കടുവകൾ പുറത്തേക്ക് എത്തുന്നത്.
ഇവിടെ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇത് നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. നേരത്തെ ഒരു പശുവിനെയും കടുവ ആക്രമിച്ചിരുന്നു.
സ്ഥലത്ത് ഡെപ്യൂട്ടി റെയിഞ്ചറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. ഏദൻവാലി എസ്‌റ്റേറ്റിൽ കാപ്പിയും ഏലവും കൃഷിയുള്ളതാണ് .ഇപ്പോൾ എസ്‌റ്റേറ്റിൽ ഭീതിയോടെയാണ് തൊഴിലാളികൾ തൊഴിലെടുക്കുന്നത്. കടുവയെ കൂടുവച്ച് പിടികൂടാൻ അടിയന്തിര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...