K Phone Project: കെ ഫോൺ ഉദ്ഘാടനം തിങ്കളാഴ്ച; ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും പദ്ധതി നടപ്പാക്കും
K Phone Project Inauguration: ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലുമാണ് കെ ഫോൺ ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി നിർവഹിക്കും.
കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ ഫോൺ തിങ്കളാഴ്ച യാഥാർഥ്യമാകും. എല്ലാവർക്കും ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്നതാണ് കെ ഫോണിന്റെ മുഖ്യലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലുമാണ് കെ ഫോൺ ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി നിർവഹിക്കും.
20 ലക്ഷത്തോളം വീടുകളിൽ സൗജന്യ കണക്‌ഷൻ എന്ന വാഗ്ദാനത്തോടെയാണ് കെ ഫോൺ പദ്ധതി തുടങ്ങിയത്. പിന്നീട് ഈ ലക്ഷ്യം ആദ്യഘട്ടത്തിൽ 14000 വീട് എന്നാക്കി. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടു വീതം. ഇതിൽ 7000 വീടുകളിലാണു കേബിൾ സ്ഥാപിച്ചത്. കണക്‌ഷൻ നൽകിയത് ആയിരത്തോളം വീടുകളിൽ മാത്രം.
30,000 സർക്കാർ ഓഫിസുകളിൽ 26492 ഓഫിസുകളിലാണ് കേബിൾ സ്ഥാപിച്ചത്. കണക്‌ഷൻ എത്തിച്ചതാകട്ടെ 17354 ഓഫീസുകളിൽ. കെ ഫോണിന് കേരളത്തിൽ ഉടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രാസ്ട്രക്ചർ ഉണ്ട്. 20 എംബിപിഎസ് ആണ് ഇന്റർനെറ്റ് വേഗം.
മൂന്നു മാസത്തിനകം വാണിജ്യ കണക്‌ഷനുകളിലേക്കു കടക്കുമെന്ന് കെ - ഫോൺ എം.ഡി ഡോ.സന്തോഷ്ബാബു പറഞ്ഞു. അതേ സമയം, അതിവേഗ കേബിള്‍ നെറ്റ്‌വര്‍ക്കും 5ജി സിമ്മും ഉള്ള കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ 1531 കോടിയുടെ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ക്കും ശതകോടികള്‍ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപിച്ചു.
എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയതെന്നും കെ സുധാകരൻ പറഞ്ഞു. 2017ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. എന്നാൽ, ബന്ധപ്പെട്ടവര്‍ ശതകോടികള്‍ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടു. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനം 14,000 ആയി ചുരുക്കി. എന്നിട്ടും അതുപോലും നൽകാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം.
ഇതിനിടെയാണ് പറഞ്ഞതെല്ലാം നടപ്പാക്കി എന്നു പറഞ്ഞ് സർക്കാർ കെ ഫോൺ യാഥാർഥ്യമാക്കാനൊരുങ്ങുന്നത്. നാളെ മുതൽ പ്രവൃത്തി പഥത്തിലാകുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...