തിരുവനന്തപുരം : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ (M Sivasankar) സസ്പെൻഷൻ പിൻവലിച്ചുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പുറത്തിറങ്ങിയത്. സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ ശിവശങ്കറിനെ തിരിച്ചെടുക്കാമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ശിവശങ്കർ വീണ്ടും സർവീസിലേക്ക് തിരിച്ചെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന് പ്രധാനപ്പെട്ട താക്കോൽ സ്ഥാനം നൽകുമോയെന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ല. കേസിൽ അടുത്തിടെ പ്രതി സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 


ALSO READ : M Sivasankar | എം ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു; മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചു


സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുകയും ശിവശങ്കറിനെ സർക്കാർ തിരിച്ചെടുക്കുകയും വഴി കേസന്വേഷണം മന്ദഗതിയിലേക്ക് പോകുകയാണെന്നാണ് ആരോപണം. രാജ്യത്ത് തന്നെ വലിയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസ് വീണ്ടും ദുർബലമാവുകയാണോ എന്നുള്ളതാണ് പൊതുവേ ഉയരുന്ന ചോദ്യം. വിശദാംശങ്ങളിലേക്ക്....


2020 ജൂൺ 30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജിൽ നിന്നാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണ്ണം കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടത്തിയത്. 


സ്വർണ്ണക്കടത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് ആദ്യ ഘട്ടത്തിൽ നിഷേധിക്കുകയായിരുന്നു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചത്. പിന്നീട്, ഇഡി എൻഐഎ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസി അടക്കം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവങ്ങളുടെ ഗതി മാറുന്നതും കേസിനെ രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിയുന്നതും.


കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കേസന്വേഷണങ്ങളുടെ ഭാഗമായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺസുലേറ്റ് പിആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത്ത് തട്ടിപ്പിനായി ഉപയോ​ഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തുകയും ഒടുവിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സരിത്തിനെ കൂടാതെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുകയും പിന്നീട് ഇഡി തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.


തുടർന്ന് അന്വേഷണത്തിൻ്റെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരെ ഒന്നിച്ചിരുത്തി എൻഐഎ ചോദ്യം ചെയ്ത് വിശദാംശങ്ങൾ തേടി. തട്ടിപ്പ് ബോധ്യമായതോടെ രാജ്യാന്തര ബന്ധമാരോപിച്ച കേസിൽ യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു. കളളക്കടത്തിന്‍റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയും കണ്ടെത്തിയിരുന്നു. 


പിന്നീട്, സ്വപ്ന സുരേഷ് ബെംഗളൂരുവിൽ അറസ്റ്റിലാകുന്നു. സന്ദീപ് നായരും ഒപ്പം അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നു. സ്വപ്ന അടക്കമുളള മൂന്ന് പേരെ പ്രതികളാക്കി എൻഫോഴ്സ്മെന്‍റ് പ്രാഥമിക റിപ്പോർട്ട് നൽകി. ഇതോടെ, സ്വപ്ന സുരേഷ്, സരിത്ത് അടക്കമുള്ള സ്വർണക്കടത്ത് കേസിലുൾപ്പട്ടവർക്കെതിരെ ഇ.ഡി കുറ്റപത്രവും സമർപ്പിച്ചു. തുടർന്ന്, സ്വപ്നയടക്കമുളളവരെ കേസിൽ പ്രതികളാക്കുന്നു. 


ALSO READ : ഒന്നേകാൽ വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിലിന് പുറത്തിറങ്ങി


ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എൻഐഎ കേസിൽ സ്വപ്നയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവബഹുലമായ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച എം. ശിവശങ്കറിൻ്റെ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. 


സസ്‌പെന്‍ഷന്‍ കാലാവധി അവസാിച്ച ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയമനം എവിടെയുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.


സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി ശിവശങ്കര്‍ സസ്‌പെന്‍ഷനിലായിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ ശിവശങ്കറിന്റെ കേസ് വിവാദവും സസ്‌പെന്‍ഷനും ഏറെ ചര്‍ച്ചയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥന്റെ തിരിച്ചുവരവാണ് സാധ്യമായിരിക്കുന്നത്.


കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലായ് 16ന് ആയിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍ വാസവും അനുഭവിച്ചു.


കൂടാതെ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ത്തെങ്കിലും കുറ്റപത്രം ഇതുവരെ നല്‍കിയിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് കത്ത് നല്‍കിയത്. എന്നാല്‍ കസ്റ്റംസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല.


മാത്രമല്ല, ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷൻ പിന്‍വലിച്ചത്.


അതേസമയം, പ്രമാദമായ കേസിൻ്റെ തുടരന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഡോളർ കടത്ത് കേസിലും സ്വർണക്കടത്ത് കേസിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് മാത്രമല്ല ഏതാണ്ട് മരവിച്ച മട്ടിലാണ് ഉള്ളത്. കസ്റ്റംസിനും ഇഡിക്കും അന്വേഷണ പുരോഗതി കൃത്യമായി വിലയിരുത്താനും കഴിയുന്നില്ല. 


കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസികളോട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നേരത്തെ ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. കേസ് വീണ്ടും ദുർബലമാകുമ്പോൾ സ്വർണക്കടത്ത് ഡോളർ കടത്ത് കേസിൻ്റെ സമഗ്ര അന്വേഷണത്തിന് തടസ്സം നിൽക്കുന്നതാരെന്നാണ് ഉയരുന്ന ചോദ്യം.


ALSO READ : പി.ശ്രീരാമകൃഷ്ണനെ ഉദ്​ഘാടനത്തിന് ക്ഷണിച്ചത് നേരിട്ട്; ക്ഷണിച്ചത് വ്യക്തി ബന്ധത്തിന്റെ പേരിലെന്നും സന്ദീപ് നായർ


സ്വർണ്ണക്കടത്ത് കേസിൻ്റെ നാൾവഴികൾ ഒറ്റനോട്ടത്തിൽ പരിശോധിക്കാം:


2020  ജൂൺ 30: നയതന്ത്ര ബാഗേജ് വഴി മുപ്പതു കിലോ ഗ്രാം സ്വർണം ദുബായിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി


2020 ജൂലൈ 05: യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വർണ്ണം അടങ്ങിയ ബാഗ് തുറന്ന് പരിശോധിച്ചു. സ്വർണ്ണം പിടിച്ചെടുത്ത ശേഷം കസ്റ്റംസ് കേസെടുത്തു. സരിത്ത് കസ്റ്റഡിയിലാകുന്നു.


2020 ജൂലൈ 10: രാജ്യാന്തര ബന്ധമാരോപിച്ച കേസിൽ യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു.


2020 ജൂലൈ 11: സ്വപ്ന സുരേഷ് ബെംഗളൂരുവിൽ അറസ്റ്റിൽ. സന്ദീപ് നായരും ഒപ്പം പിടിയിൽ.


2020 ഒക്ടോബ‍‍ർ 07: സ്വപ്ന അടക്കമുളള മൂന്ന് പേരെ പ്രതികളാക്കി എൻഫോഴ്സ്മെന്‍റ് പ്രാഥമിക റിപ്പോർട്ട് നൽകി.


2020 ഡിസംബർ 24: സ്വപ്ന സുരേഷ്, സരിത്ത് അടക്കമുള്ള സ്വർണക്കടത്ത് കേസിലുൾപ്പട്ടവർക്കെതിരെ ഇ.ഡി കുറ്റപത്രം.


2021 ജനുവരി 05: സ്വപ്നയടക്കമുളളവരെ കേസിൽ പ്രതികളാക്കുന്നു. ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു.


2021 നവംബ‍ർ 02: എൻഐഎ കേസിൽ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചു


2022 ജനുവരി 04: കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച എം. ശിവശങ്കറിൻ്റെ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചു. ഇതോടെ, ശിവശങ്കറിന് തിരിച്ചു ജോലിയിലേക്ക് പ്രവേശിക്കാനാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.