തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയതാരാണ്?. സംഭവം നടന്ന് ഒരു മാസമാകാറായിട്ടും ഉത്തരമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് കേരള പോലീസ്. പതിനെട്ടടവും പഴറ്റിനോക്കി.  ആകെ കിട്ടിയത് സിസിടിവി ദൃശ്യം മാത്രം. അതും മുഖവും വാഹനവും തിരിച്ചറിയാത്ത ദൃശ്യങ്ങൾ. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രൂപരേഖ വികസിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. എന്നാൽ ഇതിൽ തുടക്കത്തിൽ തന്നെ സൈബർ സംഘം പരാജയപ്പെട്ടു .സീഡാക്കിലും ഫോറൻസിക് ലാബിലും നടത്തിയ പരിശോധനയും ഫലം കണ്ടില്ല. ഇതോടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവ് കിട്ടാനുള്ള എല്ലാ സാധ്യതയും അടഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും വ്യക്തമായി. പ്രതി സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനത്തെക്കുറിച്ചും ഇപ്പോഴും  അവ്യക്തത നിലനിൽക്കുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം 23 ദിവസം അന്വേഷണം നടത്തിയിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാത്ത സാഹചര്യത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈാമാറികൊണ്ട്  ഡിജിപി ഉത്തരവിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടില്ല.ക്രൈബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പോലീസ് അന്വേഷണം അവസാനിച്ചു.


യാഥാർഥ പ്രതിയിലേക്കുളള അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്‍റെ ഉദാസീനത എന്നതും ശ്രദ്ധേയമാണ്.പ്രതിക്കും സഹായിക്കും ഉള്ള സിപിഎം ബന്ധത്തിന്‍റെ പേരിൽ അന്വേഷണം അട്ടിമറിച്ചെന്നാണ്  സൂചന. ആക്രമണം  നടന്ന ജൂൺ 30 ന് രാത്രി തന്നെ  പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.സംശയമുന എത്തിയത്  നഗരത്തിലെ തട്ടുകടക്കാരനിലായിരുന്നു..സംഭവം നടന്ന ദിവസം 10. 50നും 11.30 നും ഇടയിൽ ഏഴ് തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ  ഇയാൾ അങ്ങോട്ടും ഇങ്ങോട്ടും പോയത്. വെള്ളമെടുക്കാനാണ് ഇയാൾ പല തവണ ഇതുവഴി പോയതെന്നാണ് പോലീസിന്‍റെ വിശദീകരണം.എന്നാൽ സ്കൂട്ടറിൽ വെള്ളത്തിന്റെ കാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രം.


ഇയാൾ മറ്റൊരാൾക്ക് സ്ഫോടക വസ്തു എത്തിച്ചു നൽകിയെന്നും അയാൾ എ.കെ.ജി സെന്‍ററിന് നേരെ എറിഞ്ഞു എന്നുമാണ് പോലീസ് നിഗമനം. എന്നാൽ തട്ടുകടക്കാരന്‍റെ  സിപിഎം ബന്ധം വ്യക്തമായതോടെ ഉന്നത ഇടപെടൽ ഉണ്ടായി. ഇയാളുടെ ഫോൺ രേഖകളിലും കൂടുതൽ പരിശോധന ഉണ്ടായില്ല. തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും ഒരു ഘട്ടത്തിലും അന്വേഷണം എത്തിയില്ല. പകരം പോലീസ് പോയത് ഡിയോ സ്കൂട്ടറിന്‍റെയും പടക്ക കടയുടെയും പിന്നാലെയായിരിരുന്നു. ആയിരത്തിലേറെ ഡിയോ സ്കൂട്ടറുകളാണ് പോലീസ് പരിശോധിച്ചത് . ഇതിന് പുറമെ നിരവധി പടക്ക വിൽപ്പനക്കാരെയും ബോംബ് നിർമാണ കേസിലെ പ്രതികളെയും ചോദ്യം ചെയ്തു. പ്രതിയെ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമല്ല സിപിഎം ബന്ധം പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന സംശയവും പോലീസിന് മേൽ നിലനിൽക്കുന്നു.


പ്രതിയ പിടികൂടാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ സുകുമാരക്കുറുപ്പിനെ പിടിച്ചോ എന്ന മറുചോദ്യമായിരുന്നു ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ മാധ്യമ പ്രവർത്തകരോട് ചോദിച്ചിരുന്നത്.
സുകുമാര കുറിപ്പിനെപ്പോലെ എ.കെ.ജി സെന്‍റർ ആക്രമണകേസിലെ പ്രതിയും എന്നെന്നേക്കുമായി കാണാമറയത്ത് തുടരുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്....