ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി; 24 മണിക്കൂറിനുള്ളിൽ 155 പരിശോധനകൾ
കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സർവൈലൻസ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ആറ് മണി മുതലാണ് രാത്രിയും പകലും തുടർച്ചയായ പരിശോധനകൾ ആരംഭിച്ചത്. കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഓണ വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ ശക്തമായ പരിശോധനയാണ് വകുപ്പ് നടപ്പാക്കുന്നത്. അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന തുടരുകയാണ്. ഇതുകൂടാതെ ഓണം വിപണിയിലെ പരിശോധനയും തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...