Bison Attack: കണ്ണൂരിൽ പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; ഓട്ടോറിക്ഷക്ക് നേരേ ആക്രമണം
കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായ ഉടനെ ഓട്ടോഡ്രൈവർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് വീണ്ടും പരിഭ്രാന്തി പരത്തിയിരിക്കുകയാണിത്.
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്ത് ആക്രമണം. കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളുടെ ലൈറ്റ് കണ്ട് കാട്ടുപോത്ത് കാടുകയറിയതിനാൽ മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്ത് വെച്ച് തന്നെ രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ മാസം എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേരാണ് മരിച്ചത്. ചാക്കോച്ചൻ, തോമസ് എന്നിവരാണ് മരിച്ചത്. കണമല-ഉമികുപ്പ റോഡ്സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ തോമസ് തോട്ടത്തില്‍ ജോലി ചെയ്യവെയാണ് ആക്രമണമുണ്ടായത്. കൊല്ലം അഞ്ചലിലും ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചിരുന്നു. സാമുവൽ വർഗീസിനാണ് ദാരുണാന്ത്യം ഉണ്ടായത്.
കൊല്ലം ആയൂരിൽ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...