Wild elephant attack: അരിക്കൊമ്പൻ കാട് മാറിയിട്ടും ആശങ്കയൊഴിയാതെ ചിന്നക്കനാൽ; കാട്ടാന ശല്യം രൂക്ഷം
Wild elephant attack continues in Chinnakkanal: അരിക്കൊമ്പനെ കാട് മാറ്റിയാലും ചക്കക്കൊമ്പനും മൊട്ടവാലനുമെല്ലാം ചിന്നക്കനാലിൽ തന്നെ ഉണ്ട്.
ഇടുക്കി: അരിക്കൊമ്പന്‍ കാട് മാറിയെങ്കിലും ചിന്നക്കനാലിലെ ആശങ്കകള്‍ അവസാനിച്ചിട്ടില്ല. ചക്കക്കൊമ്പനും മൊട്ടവാലനുമൊക്കെ ഇനിയും ഇവിടെയുണ്ട്. മേഖലയിലെ കാട്ടാന പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിയ്ക്കുകയാണ് നാട്ടുകാര്‍.
വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനകീയ പ്രതിക്ഷേധം ഉയര്‍ന്നതോടെ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. അരിക്കൊമ്പനെ പിടിച്ച് മാറ്റുമെന്നും ചക്കക്കൊമ്പനേയും മൊട്ടവാലനേയും റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിയ്ക്കുമെന്നുമായിരുന്നു ആ യോഗത്തില്‍ തീരുമാനം എടുത്തത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയില്‍ 23 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഹാങിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ALSO READ: ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചക്കക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടം ഷെഡ് തകർത്തു
അരിക്കൊമ്പന്‍ ഏറ്റവും അധികം ആക്രമണം നടത്തിയ പന്നിയാറിലെ റേഷന്‍ കട സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയും ചെയ്തു. അരിക്കൊമ്പനെ കാട് മാറ്റിയെങ്കിലും മേഖലയിലെ കാട്ടാന ശല്യത്തിന് പൂര്‍ണ്ണ പരിഹാരം ഉണ്ടാവില്ല. പ്രദേശത്തെ സാഹചര്യങ്ങള്‍ പഠിക്കുന്നതിനായി വിദഗദ്ധ സമിതിയെ നിയോഗിക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനത്തിലാണ് നാട്ടുകാരുടെ പ്രതീക്ഷ. കര്‍ഷകരേയും ജനപ്രതിനിധികളേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി വിഗദ്ധ സമിതി പ്രശ്നങ്ങള്‍ പഠിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനയിറങ്കല്‍ ജലാശയ തീരം മുതലുള്ള റവന്യൂ ഭൂമിയില്‍ പുല്‍മേട് പുനസ്ഥാപിച്ച് തീറ്റ ഒരുക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അരിക്കൊമ്പനെ പിടികൂടിയതിന്റെ ആശ്വാസത്തില്‍ ഉറങ്ങിയ ചിന്നക്കനാലിനെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം വീണ്ടും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം കാട്ടാന കൂട്ടം ഷെഡ് തകര്‍ത്തു. രാജന്‍ എന്നയാളുടെ ഷെഡ് ആണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെ അഞ്ച് മണിയോടെ നടന്ന ആക്രമണത്തിന് പിന്നില്‍ ചക്കക്കൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാനക്കൂട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിന്നക്കനാലിന്റെ പേടിസ്വപ്‌നമായിരുന്ന അരിക്കൊമ്പനെ രണ്ട് ദിവസം മുമ്പാണ് വനം വകുപ്പ് അധകൃതര്‍ പിടികൂടിയത്.
ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പനെ പിടികൂടാനായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തളച്ചത്. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ മാറ്റിയത്. ആദ്യ മയക്ക് വെടി വച്ച് അഞ്ച് മണിക്കൂറിന് ശേഷമാണ് ദൗത്യ സംഘത്തിന് അരിക്കൊമ്പനെ വരുതിയിലാക്കാന്‍ സാധിച്ചത്. ആറ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതെ നിന്ന അരിക്കൊമ്പനെ നാല് കുങ്കി ആനകളുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് വാഹനത്തില്‍ കയറ്റാന്‍ കഴിഞ്ഞത്.
അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ആദ്യ ദിനത്തില്‍ വനം വകുപ്പിന് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. പുലര്‍ച്ചെ തന്നെ ദൗത്യം ആരംഭിച്ചെങ്കിലും അരിക്കൊമ്പനെ വൈകുന്നേരം വരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യ ദിനത്തിലെ ദൗത്യം അവസാനിപ്പിച്ച ശേഷമാണ് സുന്ദരപാണ്ഡ്യമേട്ടില്‍ അരിക്കൊമ്പനെ കണ്ടെത്തിയത്. രണ്ടാം ദിനത്തില്‍ ദൗത്യ മേഖലയിലെത്തിയ അരിക്കൊമ്പനെ വേഗത്തില്‍ പിടികൂടാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും അതുണ്ടായില്ല. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയില്‍ എത്തിച്ചാണ് മയക്കുവെടി വച്ചത്.
കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയില്‍ എത്തിച്ചാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ മയക്കുവെടി വച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...