Wild Elephant Attack : തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കിയാനകളെ എത്തിക്കാനൊരുങ്ങി വനംവകുപ്പ്
Wild elephants : തൃശൂർ പാലപ്പിള്ളിയിൽ തുടർച്ചയായി കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത് കൊണ്ടാണ് കുങ്കിയാനകളെ എത്തിക്കാൻ തീരുമാനിച്ചത്.
തൃശൂർ പാലപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കുങ്കിയാനകളെ എത്തിക്കാനൊരുങ്ങുകയാണ് വനം വകുപ്പ്. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെ എത്തിക്കുന്നത്. വിക്രം, ഭാരത് എന്നീ ആനകളെയാണ് പാലപ്പിള്ളിയിൽ എത്തിക്കുന്നത്. ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഇതിനായി ഉത്തരവിറക്കിയിട്ടുണ്ട്. തൃശൂർ പാലപ്പിള്ളിയിൽ തുടർച്ചയായി കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത് കൊണ്ടാണ് കുങ്കിയാനകളെ എത്തിക്കാൻ തീരുമാനിച്ചത്. ഇരുപത്തിനാല് കാട്ടാനകളാണ് പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം എത്തിയത്.
കഴിഞ്ഞ ദിവസം റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് തൃശൂർ പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിൽ എത്തിയത്. ആറ് മണിക്കൂറുകൾക്ക് ഒടുവിലായിരുന്നു കാട്ടാനക്കൂട്ടം തിരികെ കാട് കയറിയത്. ഇതിന് മുമ്പും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. തുടർച്ചയായി ഉള്ള ഈ കാട്ടാന ശല്യം ജനങ്ങളെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.
ചിമ്മിനി ഡാമിനോട് ചേർന്ന ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് പതിവാണ്. രാത്രിയോടെ കാട്ടാന ഇറങ്ങും പുലർച്ചെ തിരികെ കാട്ടിലേക്ക് പോകുകയുമാണ് പതിവ്. മുമ്പും പാലപ്പിള്ളിയിൽ വലിയ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. നാൽപ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം ആണ് മുൻപ് റബർ തോട്ടത്തിൽ ഇറങ്ങിയത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലയാണ് പാലപ്പിള്ളി.
പാലപ്പിള്ളി മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവ് സംഭവമാണ്. കഴിഞ്ഞ മാസമിറങ്ങിയ 40 ഓളം കാട്ടാനകള്‍ പ്രദേശത്തെ കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിച്ചിരുന്നു. തോട്ടം മേഖലയ്ക്ക് സമീപമാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ എത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴിയ്ക്കാണ് ടാപ്പിങ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ആനകളെ തുരത്തുന്നത് ശ്രമകരമായ കാര്യമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പടക്കം പൊട്ടിക്കൽ പോലുള്ള സാധാരണ നടപടികൾ എല്ലാം നടത്തുന്നുണ്ടെങ്കിലും അല്പം ഓടിയ ശേഷം ആനകൾ ഇറങ്ങിവരുകയാണെന്ന് അധികൃതർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...