അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിച്ചില്‍ തുടരുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെയും മറ്റ് പെട്രോളിയം ഉത്പ്പന്നങ്ങളുടെയും വില കുറയ്ക്കുന്നതിനു പകരം ഇന്ധന നികുതി വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്ട്ര വിപണിയിലെ അഭൂതപൂര്‍വമായ ഈ വിലക്കുറവിന്‍റെ  പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ അവസരം മുതലെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കൊള്ളയടിക്കു സമാനമാണ്. 


ലോക്ക് ഡൌണ്‍ മൂലം വിളവെടുക്കാനാവതെയും സൂക്ഷിച്ചു വച്ച് വിപണിയിലെത്തിക്കാനാവതെയും കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വ്യാപകമായി  നഷ്ടപ്പെട്ടതിനാല്‍ രാജ്യത്ത് വരും ദിവസങ്ങളില്‍ കടുത്ത വിലക്കയറ്റത്തിനു സാധ്യതയുണ്ട്. ഇന്ധന വില കുറച്ചാല്‍ ഈ ആഘാതം ഒരു പരിധി വരെ തടയുവാന്‍ കഴിയും. വിമാന ഇന്ധനത്തിന്റെ വില കുറച്ചാല്‍ ലോക്ക് ഡൌണിനു ശേഷം പുനരാരംഭിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് കുറഞ്ഞ യാത്രാ നിരക്ക് ഉറപ്പു വരുത്തുവാനും കഴിയും.


ലോക കേരള സഭ പിരിച്ചു വിടണം.


ലോക കേരള സഭയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ച പണമുണ്ടായിരുന്നെങ്കില്‍ മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളേയും സൗജന്യമായി നാട്ടിലെത്തിക്കാമായിരുന്നു. കോവിഡ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലോ ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്നതിനോ ലോക കേരള സഭയ്ക്ക് കഴിയുന്നില്ല. ആവശ്യത്തിനു ഉപകരിക്കാത്ത ഇത്തരം പൊങ്ങച്ച സഭകള്‍ക്കായി ഖജനാവിലെ പണം ചിലവഴിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അതിനാല്‍ ലോക കേരള സഭ പിരിച്ചു വിടണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.