തിരുവനന്തപുരം: കത്തോലിക്കാ സഭയില്‍ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ് സൂസൈപാക്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കാന്‍ വേണ്ടിയാണോ ഇത്തരത്തിലുള്ള പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഭരണരംഗത്തുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഇത്തരം നടപടി ഭരണഘടനാ ലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ദേശീയ വനിതാ കമ്മീഷന്‍റെ ഈ നടപടി ക്രിസ്തീയ സഭയെ അവഹേളിക്കുന്നതാണ്. ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തില്‍ വേണ്ടത്ര അന്വേഷണമില്ലാതെയാണ് കമ്മീഷന്‍ ശുപാര്‍ശ നടത്തിയിരിക്കുന്നത്. മത വിഭാഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ആരും ആരെയും നിര്‍ബന്ധിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു. 


വനിതാ കമ്മീഷന്‍ അധികാര പരിധി ലംഘിക്കുകയാണുണ്ടായത്. അദ്ധ്യക്ഷയുടെ പ്രസ്താവന ക്രിസ്തീയ വിശ്വാസത്തെ സംശയത്തിന്‍റെ നിഴലിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. 


കുമ്പസാരമെന്നത് തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരമാണ്. ജീവന്‍ ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 


അതേസമയം, കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാരിന്‍റെ നിലപാടല്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രസ്‌താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.