സ്ത്രീ സൗഹൃദം ഈ പെൺ വീട്; നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഒരിടം
അശ്വതി എന്ന വനിതാ സംരംഭകയുടെ സ്വപ്നവും വിജയഗാഥയുമാണ് ഒയ്സ്റ്റർ മാരിസ് എന്ന ഹോം സ്റ്റേ.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാനൊരിടം. ഒറ്റയ്ക്കും കുട്ടികളുമായും വരുന്ന സ്ത്രീകൾക്കും വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തുന്നവർക്കും സുരക്ഷിതമായി താമസിക്കുന്നതിനും വീട്ടിലെ രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനും ഇവിടേക്ക് വരാം. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് അൽപ്പം ദൂരെ തിരുവല്ലത്താണ് ഈ ഹോം സ്റ്റേ. അശ്വതി എന്ന വനിതാ സംരംഭകയുടെ സ്വപ്നവും വിജയഗാഥയുമാണ് ഒയ്സ്റ്റർ മാരിസ് എന്ന ഹോം സ്റ്റേ.
തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അടുത്താണ് അശ്വതി നടത്തിവരുന്ന വനിതാ സൗഹൃദ പ്രീമിയം ഹോംസ്റ്റേ. ഒറ്റയ്ക്ക് യാത്ര ചെയ്യുകയും ഹോട്ടലുകളിൽ താമസിക്കുകയും ചെയ്യുന്ന സ്ത്രീകളെ തുറിച്ചു നോക്കുന്ന കണ്ണുകളാണ് ഇപ്പോഴും സമൂഹത്തിലുള്ളത്.... സ്ത്രീകൾക്ക് സുരക്ഷിതമായി സ്വന്തം വീട്ടിൽ താമസിക്കും പോലെ കഴിയാൻ ഒരിടമാണിതെന്ന് അശ്വതി പറയുന്നു.... അഥിതികൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് മുതൽ സ്ഥാപനത്തിന്റെ മാർക്കറ്റിങ് വരെ എല്ലാം അശ്വതിയുടെ കൈകളിൽ ഭദ്രം.
ജൈവ പച്ചക്കറികൾ ആണ് പാചകത്തിനായി ഉപയോഗിക്കുന്നത്. അശ്വതിയുടെ കൈപ്പുണ്യത്തിൽ അതിഥികൾക്കും സംശയമില്ല. ഒരിക്കൽ വന്നവർ വീണ്ടും ഇവിടം തിരഞ്ഞെടുക്കുന്നുവെന്ന സന്തോഷവും അശ്വതി പങ്കുവച്ചു. ആരെയും ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താനും കുടുംബത്തിന് താങ്ങാവാനും സാധിക്കുന്നുവെന്ന് അശ്വതി അഭിമാനത്തോടെ പറയുന്നു. സംവിധായകൻ രാജീവ് രവി, നടൻ സണ്ണി വെയ്ൻ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ അതിഥികൾ ആയി എത്തിയിട്ടുണ്ട്.
രണ്ട് എസി മുറികളും ബാൽക്കണി, ഓപ്പൺ ടെറസ്, ഡൈനിങ്ങ് ഏരിയ, ലിവിങ് ഏരിയ എന്നിവയും അടങ്ങിയതാണ് ഒയ്സ്റ്റർ മാരിസ് ഹോം സ്റ്റേ. ടിവി, വൈഫൈ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് മുറികൾ ഉണ്ടെങ്കിലും ഒരു വ്യക്തിയോ കുടുംബമോ ഒരു റൂം എടുക്കുകയാണെങ്കിൽ രണ്ടാമത്തെ മുറി മറ്റ് അതിഥികൾക്ക് വേണ്ടി ബുക്ക് ചെയ്യാറില്ല. അതിഥികളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അശ്വതി പറയുന്നു. കോർപറേഷന്റെ ലൈസൻസ് എടുത്ത് ടൂറിസം ഡിപ്പാർട്മെന്റിന്റെ ഗോൾഡ് ക്ലാസ്സിഫിക്കേഷന് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഒയ്സ്റ്റർ മാരിസ് ഹോംസ്റ്റേ പ്രവർത്തിക്കുന്നത്. ഹോം സ്റ്റേ നടത്തുന്നതിൽ അശ്വതിക്ക് പൂർണ പിന്തുണയുമായി ഭർത്താവും മകനും ഒപ്പമുണ്ട്. കുറഞ്ഞ മുതൽമുടക്കിൽ സ്വന്തം വീട്ടിൽ തന്നെ ഒരു സംരംഭം നടത്തി വിജയിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അശ്വതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...