World copd day 2022: സംസ്ഥാനത്ത് കൂടുതൽ ‘ശ്വാസ്’ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്
Swas clinic: 39 ജില്ലാ, ജനറൽ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സി. ഒ. പി. ഡിയെ (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നുണ്ട്. 39 ജില്ലാ, ജനറൽ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശ്വാസ് ക്ലിനിക്കുകൾ കൂടാതെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (പൾമണറി റിഹാബിലിറ്റേഷൻ) ആരംഭിച്ചിട്ടുണ്ട്. ശ്വസന വ്യായാമ മുറകളും, മറ്റ് എയ്റോബിക് വ്യായാമങ്ങളും, പുകവലി നിർത്തുന്നതിനുള്ള സഹായവും, ശ്വാസകോശ രോഗികൾ വിഷാദ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള കൗൺസലിംഗ് സേവനങ്ങൾ തുടങ്ങിയവയും ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കും. ഈ സേവനങ്ങൾ എല്ലാ ശ്വാസകോശ രോഗികൾക്കും കോവിഡാനന്തര രോഗികൾക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്.
സി. ഒ. പി. ഡി. എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. വിട്ടുമാറാത്തതും കാലക്രമേണ വർധിക്കുന്നതുമായ ശ്വാസംമുട്ടൽ, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പുക, വാതകകങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി. ഒ. പി. ഡിക്കുള്ള കാരണങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള കാര്യങ്ങളാണ്.
‘യുവർ ലങ്സ് ഫോർ ലൈഫ്’ എന്നതാണ് ഇത്തവണത്തെ ലോക സി. ഒ. പി. ഡി ദിന സന്ദേശം. ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സന്ദേശം മുന്നോട്ട് വയ്ക്കുന്നത്. ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഊർജ്ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളിൽ ഡോക്ടറെ കാണുക, പ്രതിരോധ കുത്തിവയ്പ്പെടുക്കുക, ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം, പുകയും വിഷ വാതകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി. ഒ. പി. ഡി. രോഗികൾ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...