World Environment Day 2023: ലോക പരിസ്ഥിതി ദിനത്തിൽ 1000 പച്ചതുരുത്തുകൾക്ക് കൂടി തുടക്കം കുറിച്ച് ഹരിതകേരളം മിഷൻ
Haritha Keralam Mission: തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ 1000 പച്ചതുരുത്തുകൾക്ക് കൂടി തുടക്കം കുറിച്ച് ഹരിതകേരളം മിഷൻ. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ 1000 എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത് ആണ് ഈ പച്ചത്തുരുത്തിന്റെ പരിപാലനം നിർവഹിക്കുന്നത്. നിലവിൽ 779 ഏക്കറുകളിലായി 2526 പച്ചത്തുരുത്തുകൾ സംസ്ഥാനത്ത് വച്ചുപിടിപ്പിച്ചിട്ടുണ്ട്. പച്ചത്തുരുത്തുകളിൽ വരൾച്ചയെത്തുടർന്നും മറ്റും കേട് വന്നതും നശിച്ചുപോയതുമായ തൈകൾക്ക് പകരം പുതിയ തൈകളും ഇതോടൊപ്പം നട്ടു പിടിപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്സനുമായ ഡോ. ടി.എൻ.സീമ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായാണ് പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി ഈ വർഷം തന്നെ ആയിരം പച്ചത്തുരുത്തുകൾ കൂടി വച്ചുപിടിപ്പിക്കുന്നത്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ലോകമെമ്പാടും എല്ലാ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
“പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ് 2023ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം വളരുകയാണ്. പരിസ്ഥിതി സൗഹാർദ സാമഗ്രികൾ ഉപയോഗിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാനും പൂർണമായും ഒഴിവാക്കാനും അടിയന്തര നടപടി ആവശ്യമാണ്.
ലോക പരിസ്ഥിതി ദിനം 2023: ചരിത്രം
യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) വർഷം തോറും ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നു. 1972-ൽ സ്റ്റോക്ക്ഹോം ഹ്യൂമൻ എൻവയോൺമെന്റ് കോൺഫറൻസിൽ യുഎൻ പരിസ്ഥിതി ദിനം സ്ഥാപിച്ചു. ഒരു വർഷത്തിനുശേഷം ആദ്യത്തെ ലോക പരിസ്ഥിതി ദിനം ഔദ്യോഗികമായി ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ അമ്പതാം വാർഷികമാണ് ഇന്ന്.
ലോക പരിസ്ഥിതി ദിനം 2023: പ്രാധാന്യം
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. 2022 മാർച്ച് രണ്ടിന് 175 യുഎൻ അംഗരാജ്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി അംഗീകരിച്ച പ്രമേയത്തിൽ ഒപ്പുവച്ചു. 2024-ഓടെ ഇത് സംബന്ധിച്ച് നിയമപരമായ കരാറിന് രൂപം നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...