പലയെഴുത്തിൻറെ കാലങ്ങൾ; ബെന്യാമിൻ പറഞ്ഞതും, പറയാത്തതും
എന്റെ വീട്ടിൽ ഓണം വളരെ നേരത്തേ തുടങ്ങുമായിരുന്നു. കാരണം ഞങ്ങളുടെ വീട്ടിൽ ഒരു വലിയ മാവും അതിൽ ഒരു വലിയ ഊഞ്ഞാലും എല്ലാ വർഷവും ഉണ്ടായിരുന്നു
ഇറങ്ങി പോരാൻ പറ്റാത്ത ലോകത്തേക്ക് വലിച്ചിടുന്ന എഴുത്തും എഴുത്തുകാരനും അതാണ് ബെന്യാമിൻ. സങ്കൽപ്പത്തിനും യാഥാർത്ഥ്യങ്ങൾക്കുമപ്പുറം ചില കാണാ പുറങ്ങളാണ് അദ്ദേഹം മലയാള നോവൽ ശാഖക്ക് സമ്മാനിച്ചത്. എഴുത്തിൻറെ നെല്ലും പതിരും തിരിഞ്ഞ് നോക്കുന്നവർക്കിടയിൽ ബെന്യാമിൻറെ പുസ്തകങ്ങൾ വ്യത്യസ്തമാകുന്നതും അതുകൊണ്ട് തന്നെ. തൻറെ എഴുത്തിൻറെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് ബെന്യാമിൻ സീ മലയാളം ന്യൂസിനൊപ്പം, കൂടെ അൽപ്പം ഓണ വിശേഷങ്ങളും.
താങ്കളുടെ കൃതികളിലും അവയിലെ കഥാപാത്രങ്ങളിലും താങ്കളുടെ ആത്മംശം കൂടി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്? അത് സത്യമല്ലേ?
എഴുതുന്ന ഓരോ കൃതിയിലും ആത്മാംശങ്ങൾ ഉണ്ടാവുന്നത് സ്വഭാവികമാണ്. നമ്മുടെ സ്വപ്നങ്ങൾ, ചിന്തകൾ എന്നിവ ചേർത്തുവെച്ചാണ് ഒരു കഥാപാത്രത്തെയും സൃഷ്ടിക്കുന്നത്. വർഷക്കാലം ഗൾഫിൽ ജീവിച്ച അനുഭവത്തിൻറെ പുറത്ത് നിന്ന് എഴുതിയതാണ് അൽ അറേബ്യൻ നോവൽ ഫാക്ടറി. പലതും എനിക്ക് നേരിട്ട് അറിയുന്നവയാണ്. അതിൽ അറബുകളുടെ കാര്യം തന്നെ എടുക്കാം. പുറത്ത് നിന്ന് നോക്കിയാൽ അറബുകൾക്ക് രാഷ്ട്രീയം ബോധമില്ലെന്നൊക്കെ തോന്നിയേക്കാം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ആ നോവലിൽ.
മുല്ലപ്പൂ നിറമുള്ള പകലുകളിലെ സമീറയിലേക്ക് എത്തിയത് എങ്ങനെയാണ് ? അങ്ങനെയൊരാളെ
കണ്ടുമുട്ടിയിട്ടുണ്ടോ?
അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ തുടർച്ച എന്ന് മുല്ലപ്പൂ നിറമുള്ള പകലുകളെ വിശേഷിപ്പിക്കാം. ഞാൻ ഗൾഫിൽ ഉള്ളകാലത്താണ് ഗൾഫിൽ മുല്ലപ്പൂ വിപ്ളവം ഉണ്ടാവുകയും അനേകം ഭരണ കൂടങ്ങൾ താഴെ പോവുകയും നിരവധി ഭരണാധികാരികൾ തൂക്കിയെറിയപ്പെടുകയുമൊക്കെ ചെയ്യുന്നത്. അത് കൊണ്ട് ആ സംഭവങ്ങൾ അനുഭവ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗൾഫിൽ ഒരുപാട് പാക്കിസ്ഥാനി സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊപ്പം സമയം ചിലവിടുകയും,ക്രിക്കറ്റ് കളിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ട്. അത്തരത്തിലാണ് സമീറ എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചേരുന്നത്. അക്കാലത്ത് ഗൾഫിൽ ധാരാളം കൂലിപ്പട്ടാളങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം ചേർത്ത നേർ സാക്ഷ്യങ്ങളാണ് നോവലിൽ.
എംടിയുടെ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി പോസ്റ്റ് പങ്ക് വെച്ചിരുന്നല്ലോ, അതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നിരുന്നോ? വിമർശകരുടെ നിലപാടിനോട് പ്രതികരണം എന്താണ്?
അദ്ദേഹം എന്താണ് പറയാൻ ശ്രമിച്ചതെന്ന് വിശദമാക്കുക മാത്രമാണ് ഞാൻ ചെയ്തത്. എംടിക്ക് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതെങ്ങനെ ഉണ്ടാവുന്നു എന്ന് ചോദിച്ചാൽ ദീർഘകാലമായി വായനയിൽ മുഴുകുന്ന ഒരു വായനക്കാരനെന്ന നിലയിൽ ഒരു പുതിയ രചന വിലയിരുത്തുന്നത് അന്നോളം അയാൾ വായിച്ച മറ്റ് രചനകളെ വെച്ചായിരിക്കും. എംടി ഒരു മഹാനായ വായനക്കാരനാണ്. അദ്ദേഹം 90-ാം വയസ്സിലും ഇപ്പോഴും ലോക സാഹിത്യ കൃതികൾ വരെ വായിക്കുന്നു. അത് വിശദമാക്കുക മാത്രമാണ് ഞാൻ ചെയ്തത്.
ഇന്നത്തെ വായനയുടെ സ്വഭാവം മാറിയതാണോ അതോ പുസ്തക രചന ഒരു പ്രൊഫഷൻ ആയി മാറിയതാണോ പുസ്തക വിപണിയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്?
അത് എഴുത്തുമായോ വായനയുമായ ബന്ധപ്പെട്ട ഒന്നല്ല നമ്മുടെ പർച്ചേസിങ്ങ് കപ്പാസിറ്റിയുമായി ബന്ധപ്പെട്ട ഒന്നാണ്. കാരണം പഴയ കാലത്ത് ഒരു ലൈബ്രറയിൽ വരുന്ന പുസ്തകം വായിക്കാൻ 100 പേരുണ്ടാവും. ഇന്നത് മാറി തനിക്ക് ഇഷ്ടപ്പെടുന്ന ഒരുകൃതി കാശ് കൊടുത്ത വായിക്കാൻ തക്ക വണ്ണമുള്ള പ്രാപ്തി മലയാളി സമൂഹത്തിനുണ്ട്. പുസ്തകം സ്വന്തമാക്കുക എന്ന ശീലം കൂടിയിട്ടുണ്ട്. എഴുത്തിനെ പ്രൊഫഷനാക്കി എന്ന് കരുതി ആരും വായനയിലേക്ക് ഇറങ്ങി വരുന്നില്ല.
പല എഴുത്തുകാരും പബ്ലിഷർമാരും സിനിമക്ക് പ്രമോ/ ട്രൈലർ ഇറക്കുന്നത് പോലെ പുസ്തകത്തിനും ഇറക്കുകയും വിപണി കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടല്ലോ മലയാളത്തിൽ അങ്ങനെ സംഭവിക്കാൻ ഉള്ള സാധ്യത? എത്രകാലം വേണ്ടിവരും?
പുസ്തകം ഒരു കമ്മോഡിറ്റിയായിരിക്കുന്നിടത്തോളം കാലം അത്തരത്തിലുള്ള എല്ലാ വിപണന തന്ത്രവും ആവശ്യമാണെന്ന് പറയുന്ന ഒരാളാണ് ഞാൻ. പുസ്തകം എന്നത് വിശുദ്ധമായൊരു സാധനവും അത് ശൂന്യതയിൽ നിന്ന്. പൊട്ടിമുളച്ച് അറിയാതെ വായനക്കാരിലേക്ക് എത്തിച്ചേരുന്നതല്ല. ലോകത്ത് പലതരത്തിലുള്ള സാധനങ്ങളുടെ ഇടയിൽ വിൽക്കപ്പെടുന്ന ഒന്നാണ് പുസത്കം. അപ്പോൾ അത് വായനക്കാരിലേക്ക് എത്തണമെങ്കിൽ പലതരത്തിലുള്ള രീതികൾ എഴുത്തുകാരും പ്രസാധകരും സ്വീകരിച്ചെന്ന് വരും. പുസ്തകങ്ങൾ ആളുകൾ വായിക്കാറുണ്ടോ ? അത് അവർക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം, പിന്നെ ഭാഷ പരിഗണിച്ചാൽ ഇതൊരു ചെറിയ വിപണിയാണ്. ഇംഗ്ളീഷിന് കിട്ടുന്ന അത്രയും പ്രധാന്യം ഇതിന് കിട്ടണം എന്നില്ല.
ഇനി വരുന്ന കാലത്ത് ഫിക്ഷൻ തരംഗത്തിനപ്പുറം ഗൗരവമുള്ള വായനയുടെ സാധ്യതകൾ എത്രമാത്രം?
ഫിക്ഷൻ എല്ലാക്കാലത്തും വായനയുടെ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നോവൽ എന്ന സാഹിത്യ രൂപം ഉണ്ടായ കാലം മുതൽ നോവലാണ് വായനയിൽ മുൻപിൽ നിൽക്കുന്നത്. എന്നാൽ അതിനപ്പുറത്ത് വൈഞ്ജാനിക ഗ്രന്ഥങ്ങൾ,പഠനങ്ങൾ എല്ലാം വായിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. ആ ന്യൂനപക്ഷം ഇനിയും നിലനിൽക്കുകയും ഗൌരവമായ വായന തുടരുകയും ചെയ്യും. മനുഷ്യന് അറിവിനോടുള്ള താത്പര്യം എല്ലാക്കാലത്തും ഉണ്ട്. അത് മികച്ച ഗ്രന്ഥങ്ങൾ പുറത്തിറങ്ങുന്ന കാലത്തോളം തുടരും. ഫിക്ഷനിലെ തന്നെ ഗൗരവ വായനയെ എങ്ങിനെ കാണാം എന്നൊരു ചോദ്യമുണ്ട്. അത് ഗൗരവമായി മാറും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും.
അക്കാദമിക് ആവശ്യത്തിനപ്പുറം സീരിയസ് റീഡിങ്ങ് വളരുമോ.. അതോ തളരുമോ?
അക്കാഡമിക് രംഗത്തിന് അപ്പുറത്തുള്ള സീരിയസ് റീഡിംഗ് എത്രത്തോളം വളരുമെന്ന് ഒരു പക്ഷേ നമ്മൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കാരണം, മനുഷ്യന് പുസ്തകങ്ങൾക്ക് പുറത്ത് പലതരത്തിലുള്ള സോഷ്യൽ മീഡിയകൾ, ഡിജിറ്റൽ ഡിവൈസുകൾ ലഭിച്ചതോടെ വായന എത്രത്തോളം ഗൗരവപരമായി നിൽക്കുന്നുണ്ട് എന്നത് ഒരു ചോദ്യചിഹ്നമാണ്. ഫിക്ഷൻ റീഡിംഗ് അവൻ കുറേകൂടി ലളിതമായി വായിച്ച് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതേസമയം ഞാൻ മുൻ ചോദ്യത്തിന് ഉത്തരം പറഞ്ഞ പോലെ തന്നെ ഒരു ന്യൂന പക്ഷം എല്ലാകാലത്തും അതിനോടൊപ്പം ഉണ്ടാവും എന്നതാണ്. മുൻ കാലങ്ങളിലും, പുസ്തകങ്ങൾ മാത്രം വിനോദ ഉപാദിയായി ഉണ്ടായിരുന്നു കാലത്തു പോലും വളരെ ന്യൂന പക്ഷം മാത്രമാണ് ഗൗരവമായൊരു വായനയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ പലതരത്തിലുളള പൈങ്കിളി നോവലുകൾ എന്ന് പറയുന്ന തരത്തിലുള്ള നോവലുകളിലൂടെ ലളിത വായനയിൽ മാത്രമാണ് മുഴുകിയിരുന്നത്.
അപ്പോൾ ആ ഗൗരവ വായന ഉണ്ടായിരുന്ന ന്യൂന പക്ഷം പുതിയ കാലത്തും തുടരുകയും അത് അക്കാദമിക് താൽപര്യങ്ങൾക് അപ്പുറത്ത് ഗൗരവമുള്ള വായനയായി മാറുകയും ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് നമ്മൾ ഈ വായനയേയും എഴുത്തിനേയും പുസ്തകങ്ങളേയും ഒരു ഭൂരിപക്ഷത്തിന്റെ ഇടപാടായി കരുതാത്തിടത്തോളം കാലം എല്ലാ കാലത്തും അത് സമൂഹത്തിന്റെ ന്യൂനപക്ഷത്തിന്റെ മാത്രം ഇടപാടാണെന്ന് മനസിലാക്കുന്നിടത്ത് നമ്മൾ ഇത്തരം ആശങ്കകൾ നമ്മളിൽ നിന്ന് അസ്തമിച്ച് പോവുമെന്നണ് ഞാൻ വിശ്വസിക്കുന്നത്.
ഗൾഫിലെ ഓണക്കാലങ്ങൾ
ഏറ്റവും മനോഹരമായി ആസ്വദിച്ച കാലങ്ങളിലൊന്നാണ് ഗൾഫിലെ ഓണക്കാലം കാരണം നമ്മൾ ദേശത്ത് നിന്ന് വിട്ട് ഒരു അന്യദേശത്ത് പോകുമ്പോഴാണ് കൂടുതൽ ഗൃഹാതുരതയോട് കൂടി നമ്മുടെ ആഘോഷങ്ങളേയും ഉത്സവങ്ങളേയും ഏറ്റെടുക്കുന്നത്. ഒന്നും നമുക്ക് നഷ്ടപ്പെട്ടു പോയിട്ടില്ല എന്ന തോന്നലിൽ നിന്നാണ് നമ്മൾ അവിടെ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഓണാഘോഷങ്ങൾ ഏറ്റവും മനോഹമായ രീതിയിൽ അസ്വദിക്കാനാണ് ഞങ്ങൾക്ക് കഴിഞ്ഞിട്ടുള്ളത്.
അവിടെ ഉണ്ടായിരുന്ന സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടത്തുന്നത്. 10 ദിവസം നീണ്ടു നിൽകുന്ന വലിയ ഓണാഘോഷം, നാട്ടിൽ നിന്ന് കലാകാരന്മാരെയും ഗായകരേയും കൊണ്ടുവന്നിട്ടുള്ള വിപുലമായ പരിപാടികൾ നാട്ടിൽ നിന്നുള്ള വലിയ പാചക വിദഗ്ദരെ കൊണ്ടുവന്നിട്ടുള്ള വലിയ സദ്യകൾ അതും 5000, 6000 പേർക്ക് കൊടുക്കുന്ന വലിയ സദ്യകൾ, അത് കൂട്ടായി ചേർന്നുണ്ടാക്കുന്ന അതിന്റെ ഒരു ആഘോഷം ,അതിൽ വിളമ്പുന്നതിന്റെ ആഘോഷം , അത്തരത്തിൽ എല്ലാ തരത്തിലും ഒരു കൂട്ടായ്മയുടെ ആഘോഷം തന്നെയാണ് ഗൾഫിൽ ഉണ്ടാവുന്നത്. അത് കേരളത്തിൽ ഏതെങ്കിലും ഒരിടത്ത് നിന്ന് വരുന്ന മനുഷ്യൻ മാത്രമല്ല. കേരളത്തിന്റെ എല്ലാ ഇടങ്ങളിൽ നിന്നും വരുന്ന മനുഷ്യരും കൂടി കലർന്ന് ചേർന്ന് നടത്തുന്ന ഒരാഘോഷമായിട്ടാണ് ഓണത്തിനെ എനിക്ക് തോന്നിയിട്ടുള്ളത്.
ഒരു മാസം മുൻപേ വീട്ടിലോണമെത്തും
കുട്ടിക്കാലത്തെ ഓണത്തെ കുറിച്ച് പറയുമ്പോൾ സ്വാഭാവികമായിട്ടും നമ്മുടെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന കളികളും , പുലി കളിയും മറ്റ് ക്ലബുകളിലെ ആഘോഷവുമൊക്കെയാവും പെട്ടെന്ന് മനസിൽ വരിക. എന്റെ വീട്ടിൽ ഓണം വളരെ നേരത്തേ തുടങ്ങുമായിരുന്നു. കാരണം ഞങ്ങളുടെ വീട്ടിൽ ഒരു വലിയ മാവും അതിൽ ഒരു വലിയ ഊഞ്ഞാലും എല്ലാ വർഷവും ഉണ്ടായിരുന്നു. എൻറെ പിതാവ് ഒരു വലിയ വടം കിട്ടിയത് എല്ലാവർഷവും അവിടെ ഊഞ്ഞാൽ ഇടുന്നത് കൊണ്ട് ഈ നാട്ടിൻപുറത്തുള്ള കുട്ടികൾ മുഴുവൻ ഞങ്ങളുടെ വീട്ടിൽ ഒരു മാസം മുൻപേ തന്നെ ഊഞ്ഞാലാടാൻ വന്നു കൊണ്ട് ഓണം ആഘോഷിക്കുന്ന ഒരു ഓർമയാണ് ഒരു പക്ഷെ ചെറുപ്പകാലത്തെ സംബന്ധിച്ച് ഉള്ളത്.
കുറേകൂടി നാട്ടിൻപുറ ജീവിതത്തിന്റെ ഹൃദ്യത അതിനുണ്ടായിരുന്നു എന്നു തോന്നുന്നു. ഒരു പക്ഷേ അത് ഗൃഹാദുരത്വത്തോട് കൂടി നോക്കുന്നത് കൊണ്ടാണോ എനിക്കറിയില്ല. പക്ഷേ നാട്ടിലെ കുട്ടികൾ എല്ലാം കൂടി ചേർന്നുള്ള ഒരു കളികളുടെ അവസരം, ഈ മാവിൻ ചോട്ടിലും, പിന്നീടുള്ള പുലി കളിയിലും, പിന്നീടുള്ള ക്ലബുകളുടെ പ്രവർത്തനത്തിലുമൊക്കെ അത് അനുഭവപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും ആ ഓർമകളാണ് ഒരു പക്ഷേ എന്നെ കൂടുതൽ ഈ ബാല്യകാലത്തെ ഓർമകളെ കുറിച്ച് പറയുമ്പോൾ എനിക്ക് തോന്നുന്നത്.
പിന്നെ നാട്ടിൽ അന്ന് ഒന്നോ രണ്ടോ വർഷം ഞങ്ങളുടെ നാട്ടിൽ തന്നെ ഒരു കുഞ്ഞു വള്ളംകളി സംഘടിപ്പിച്ച അനുഭവം ഉണ്ട്.
പിന്നെ പിൽകാലത്ത് അതൊക്കെ നിന്നു പോയെങ്കിൽ പോലും അതെല്ലാം കുടെ ചേരുന്ന അനേകം ഓർമകൾ ബാല്യകാലത്തെ സംബന്ധിച്ചും ഓണത്തെ കുറിച്ചും ഉണ്ട്. ഓണം എന്നു പറയുന്നത് ഒരിക്കലും ജീവിതത്തിൽ നിന്ന് മാറ്റി നിർത്തേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല. എല്ലാവരും കൂടി ചേർന്ന് ആഘോഷിച്ച് ഒരു നാടിന്റെ ഉത്സവം പോലെ കൊണ്ടു നടന്നത് ഇപ്പോഴും ഹൃദയത്തിൽ വഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...