ചിന്തൻ ശിബിർ പീഡന വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് യൂത്ത് കോൺഗ്രസ്, നടപടി കെ.പി.സി.സി നിർദേശ പ്രകാരം
ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത മറ്റ് വനിതാ പ്രവർത്തരോടും ഇയാൾ മോശമായി പെരുമാറിയെന്നതടക്കമുള്ള കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പീഡന വിവാദത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം. കെ.പി.സി.സി യുടെ നിർദേശ പ്രകാരമാണ് നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി വനിതാ പ്രതിനിധികളിൽ നിന്ന് നേതൃത്വം വിവരങ്ങൾ തേടും. ചിന്തൻശിബിരം സമാപിച്ചതിന് പിന്നാലെയാണ് പീഡന പരാതി വൻ വിവാദത്തിന് വഴിവച്ചത്. തിരുവനന്തപുരം സ്വദേശിയായ ദലിത് യുവതിയോട് യൂത്ത് കോൺഗ്രസ് എക്സിക്യുട്ടീവ് അംഗമായ വിവേക് നായർ അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. മദ്യപിച്ചെത്തിയ വിവേക് കിടക്കപങ്കിടാൻ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും ചൂണ്ടികാട്ടി പെൺകുട്ടി ദേശീയ നേതൃത്വത്തിന് പരാതി നിൽകിയിരുന്നു. ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത മറ്റ് വനിതാ പ്രവർത്തരോടും ഇയാൾ മോശമായി പെരുമാറിയെന്നതടക്കമുള്ള കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പരാതിയുടെ ഗൗരവം ബോധ്യപ്പെട്ട ദേശീയ നേതൃത്വം ഒട്ടും വൈകാതെ വിവേക് നായരെ സംഘടനയുടെ പ്രാഥമികാഗംത്വത്തിൽ നിന്ന് തന്നെ സസ്പെന്‍റ് ചെയ്തു. അതേ സമയം അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വം ആവർത്തിച്ച് പറയുന്നത്. പരാതി ലഭിച്ചാൽ പെൺകുട്ടിക്ക് എല്ലാ നിയമ സഹായവും ലഭ്യമാക്കുമെന്നും ഔദ്യാഗിക ഫേസ് ബുക്ക് പേജിലൂടെ നേതൃത്വം വ്യക്തമാക്കി. എന്നാൽ പെൺകുട്ടിയുടെ പരാതി നേതൃത്വം ഇടപെട്ട് ഒതുക്കി എന്ന ആരോപണമാണ് ഇപ്പോൾ യൂത്ത് കോൺഗ്രസിനെതിരെ ഉയരുന്നത്. തനിക്ക് പരാതി ഇല്ലെന്നും തന്‍റെ പേരിൽ പുറത്ത് വന്ന വാർത്ത വ്യാജമാണെന്നും പെൺകുട്ടിയെകൊണ്ട് എഴുതി വാങ്ങിപ്പിച്ചു എന്നാണ് ആരോപണം. എന്നാൽ പെൺകുട്ടി ദേശീയ നേതൃത്വത്തിന് നൽകിയ പരാതി സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
ചിന്തൻ ശിബിരത്തിലെ പീഡനവിവാദം ചെറിയ വിഷയം മാത്രമാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍റെ പ്രസ്താവനയും വിവാദത്തിന് കാരണമായിരിക്കുകയാണ്. സിപിഎം സൈബർ ഇടങ്ങളിൽ സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇതെങ്ങനെയാണ് ചെറിയ കാര്യമാകുന്നതെന്ന ചോദ്യവുമായി ഡി.വൈ.എഫ്.ഐ നേതാക്കളും രംഗത്ത് എത്തിക്കഴിഞ്ഞു. അതേ സമയം വിഷയത്തിന്‍റെ ഗൗരവം കുറച്ച് കണ്ടിട്ടില്ലാണ് കെ.സുധാകരന്‍റെ വിശദീകരണം. എന്തായാലും യൂത്ത് കോൺഗസ് വല്ലാത്ത പ്രിതിരോധത്തിലാണിപ്പോൾ. പീഡനം ഉണ്ടായിട്ടില്ലെന്നും പരാതിലഭിച്ചിട്ടില്ലെന്നുമൊക്കെ പറയുമ്പോഴും കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം.
ഇതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പ്രതിരോധം തീർക്കാൻ പോലും നേതാക്കൾ തയ്യാറാകുന്നില്ല.
യൂത്ത് കോൺഗ്രസ് സംംസ്ഥാന വൈസ് പ്രസിഡന്‍റ്മാരിൽ ഒരാളാട് മോശമായി പെരുമാറിയതിന്‍റെ പേരിലാണ് തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയതെന്നാണ് സംഘടനാ നടപടി നേരിട്ട വിവേക് നായർ പറയുന്നത്. യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ നടത്തിയ ഗൂഢാലോതചനയുടെ ഫലമാണ് പീഡന പരാതിയെന്നും വിവേക് പറയുന്നു. യൂത്ത് കോൺഗ്രസിനെയാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട വിവേക് നായർ പ്രതിസ്ഥാനത്ത് നിർത്തുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യവും ആഭ്യന്തര സമിതി അന്വേഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...