പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്
പഠനം പൂർത്തിയാക്കാൻ യുക്രൈനിലേക്ക് മടങ്ങുന്നത് നിരവധി വിദ്യാർത്ഥികൾ. കേരളത്തിൽ നിന്നു മാത്രം പോയത് നൂറോളം വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്ന് പോയത് 180 ഓളം വിദ്യാർത്ഥികൾ.
തിരുവനന്തപുരം: യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയ വിദ്യാർഥികൾ തുടർപഠനം പ്രതിസന്ധിയിലായതോടെ തിരിച്ച് യുക്രൈനിലേക്ക് മടങ്ങുന്നു. നിലവിൽ യുദ്ധസമാനമായ സാഹചര്യമാണ് യുക്രൈനിലുള്ളത്. പഠനം പൂർത്തിയാക്കണമെന്ന ആഗ്രഹമാണ് ഇവരെ ഈ സാഹസികതയിലേക്ക് നയിക്കുന്നത്. ടൂറിസ്റ്റ് വിസയിൽ മറ്റ് രാജ്യങ്ങളിലേക്ക് പോയി അവിടെ നിന്നുമാണ് വിദ്യാർത്ഥികൾ യുക്രൈനിലേക്ക് മടങ്ങുന്നത്. തുടർപഠനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിലും ഇത് അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ കൂടിയാണ് വിദ്യാർഥികളുടെ മടക്കയാത്ര.
നൂറോളം വിദ്യാർഥികളാണ് കേരളത്തിൽ നിന്ന് മാത്രം ഇത്തരത്തിൽ പോയിട്ടുള്ളത്. ഇന്ത്യയിൽ നിന്നും പോയത് 180 പേരാണെന്നാണ് അനൗദ്യോഗിക കണക്ക്. എംബിബിഎസ് അവസാനവർഷ വിദ്യാർത്ഥികളാണ് മടങ്ങിപ്പോയതിൽ ഭൂരിഭാഗവും. സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കിൽ മറ്റുള്ള വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കാനായി ഇത്തരത്തിൽ യുക്രൈനിലേക്ക് പോകാനാണ് ആലോചിക്കുന്നത്. നിലവിൽ യുക്രൈനിലെ പലസ്ഥലങ്ങളിലും റഷ്യയുടെ ആക്രമണം നടക്കുന്നുണ്ടെങ്കിലും മറ്റ് വഴികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ആണ് വിദ്യാർത്ഥികൾ അവിടേക്ക് പോകുന്നത്.
ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ് കൂടി നടത്തേണ്ട സാഹചര്യത്തിലാണ് വിദ്യാർഥികൾ മടങ്ങി പോകുന്നത്. ഇങ്ങനെ യുക്രൈനിലേക്ക് മടങ്ങിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പലരും ഇപ്പോൾ ആശങ്കയോടെയാണ് കഴിയുന്നത്. യപുക്രൈനിൽ നിന്നും മടങ്ങിവന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധി ലഭിക്കണം.
Also Read: Russia-Ukraine war: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ; തകർന്ന കീവ് നഗരത്തിന്റെ ചിത്രങ്ങൾ
ഡോക്ടർ പഠനം പാതിവഴിയിൽ നിർത്തി നാട്ടിലേക്ക് വന്ന പലരും ഇപ്പോൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ്. ഭൂരിഭാഗം പേരും ലോണെടുത്താണ് പഠനത്തിനായി പോയിരുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് മാറി പഠനം പൂർത്തിയാക്കണമെങ്കിൽ ഇനി ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിൽ പഠനം തുടരാൻ അവസരം ലഭിച്ചില്ലെങ്കിൽ തിരിച്ച് പോവുകയോ അല്ലെങ്കിൽ പഠനം അവസാനിപ്പിക്കുകയോ ചെയ്യേണ്ട അവസ്ഥയിലുമാണ് വിദ്യാർത്ഥികൾ.
മടങ്ങുന്ന വിദ്യാർഥികളുടെ വ്യക്തമായ കണക്ക് നോർക്കയിലോ സംസ്ഥാന സർക്കാറിന്റെ പക്കലോ ഇപ്പോൾ ഇല്ല. ഇന്ത്യൻ എംബസിയുടെ വിലക്കുള്ളതിനാൽ രഹസ്യമായാണ് വിദ്യാർത്ഥികൾ യുക്രൈനിലേക്ക് തിരിച്ച് പോകുന്നത്. പല വിദ്യാർത്ഥികളും ഇനി എന്ത് എന്ന ആശങ്കയിലാണ്. മരണത്തെ കൺമുന്നിൽ കണ്ടുകൊണ്ടാണ് പലരും അന്ന് നാട്ടിലേക്ക് മടങ്ങി വന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കിൽ എങ്ങനെ തിരിച്ച് പോകുമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
യുക്രൈനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന പല സ്ഥലങ്ങളും ആക്രണണത്തിൽ തകർന്നിട്ടുണ്ട്. യുക്രൈന് അടുത്തുള്ള മറ്റ് രാജ്യങ്ങളിൽ പോയി പഠനം പൂർത്തിയാക്കാമെന്ന് വിചാരിച്ചാലും ആ രാജ്യങ്ങളിലും റഷ്യയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. നിലവിലുള്ള സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളെയാണ്. പഠനം അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തരത്തിൽ മടങ്ങിയെത്തിയവരിൽ ചിലർ അതുവരെ തൽക്കാലം അവിടെ പോയി പിടിച്ചു നിൽക്കാം എന്ന് ചിന്തിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം എത്രത്തോളമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...