കെ എസ് സേതുമാധവൻ മാധ്യമരത്ന പുരസ്കാരം സീ മലയാളം ന്യൂസിന്; മികച്ച റിപ്പോർട്ടർ അഭിജിത്ത് ജയൻ, മികച്ച ക്യാമറമാൻ പിവി രഞ്ജിത്ത്
KS Sethumadhavan Award: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ റിപ്പോർട്ടിനാണ് പുരസ്കാരം
തിരുവനന്തപുരം: സംവിധായകൻ കെഎസ് സേതുമാധവൻ്റെ പേരിലുള്ള ഇക്കൊല്ലത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടറായി സീ മലയാളം ന്യൂസിലെ അഭിജിത്ത് ജയനേയും മികച്ച ക്യാമറമാനായി പിവി രഞ്ജിത്തിനേയും തിരഞ്ഞെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇരുപത്തിയെട്ടാം വാർഡിൽ ചികിത്സക്കെത്തുന്ന നിർധനരായ രോഗികൾ കിടക്ക പോലും കിട്ടാതെ നിലത്ത് കിടക്കുന്ന സംഭവം സീ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയ്ക്കാണ് പുരസ്കാരം. പാവപ്പെട്ട രോഗികളുടെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ ഈ വാർത്ത സഹായിച്ചുവെന്ന് അവാർഡ് നിർണയ ജൂറി വിലയിരുത്തി. പൊന്നാടയും ശിലാഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് രണ്ടിന് മന്ത്രിമാരായ ജി ആർ അനിലും ആന്റണി രാജുവും ചേർന്ന് അവാർഡ് സമ്മാനിക്കും.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള പുരസ്കാരവും കഴിഞ്ഞ ദിവസം സീ മലയാളം ന്യൂസിന് ലഭിച്ചിരുന്നു. ഓൺലൈൻ വിഭാഗത്തിനുള്ള പുരസ്കാരമായിരുന്നു സീ മലയാളം ന്യൂസിന് ലഭിച്ചത്. തിങ്കളാഴ്ച ആർ ശങ്കരനാരായാണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന പരിപാടിയിൽ സ്പീക്കർ എഎൻ ഷംസീറാണ് അവാർഡ് നൽകിയത്.