12th Man Movie : സ്വകാര്യ ജീവിതത്തിലേക്ക് ആ പന്ത്രണ്ടാമൻ എത്തുന്നു; 12ത് മാൻ ടീസർ പുറത്ത് വിട്ടു
12th Man Teaser Out : ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
കൊച്ചി : മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം 12 ത് മാനിന്റെ ടീസർ റിലീസ് ചെയ്തു. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്ന തരത്തിലാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. സ്വകാര്യ ജീവിതത്തിന്റെ ചുരുളഴിക്കാനാണ് മോഹൻലാൽ പന്ത്രണ്ടാമനായി എത്തുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ദൃശ്യം 2 ന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 12 ത് മാനിനുണ്ട്. മലയാള സിനിമയുടെ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡ് സമയത്ത് ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിനായി ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു മോഹൻലാൽ ആരാധകർ.
11 കൂട്ടുകാരുടെ ഒരു ഗെറ്റ് - ടുഗെദർ വേളയിൽ പന്ത്രണ്ടാമനായി എത്തുന്ന കഥാപാത്രവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് 12 ത് മാൻ. മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, ഷൈൻ ടോം ചാക്കോ, ആണ് സിതാര, പ്രിയങ്ക നായർ, അനു മോഹൻ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഇടുക്കി കുളമാവിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ ശ്രദ്ധ നേടിയിരുന്നു. മഞ്ഞ് മൂടിയ താഴ്വാരത്ത് ഉള്ള ഒരു നിഘൂഢമായ വീട്ടിലേക്ക് ഒരാൾ നടന്ന് കയറുന്ന ദൃശ്യമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെ. ആർ കൃഷ്ണകുമാറാണ്. ഇത് രണ്ടാം തവണയാണ് മലയാളത്തിൽ ജീത്തു ജോസഫ് മറ്റൊരുടെ തിരക്കഥയ്ക്ക് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിന് മുമ്പ് ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥയ്ക്ക് ചിത്രം സംവിധാനം ചെയ്തത്.തീഷ് കുറുപ്പാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. അനിൽ ജോൺസൺ സംഗീതം നൽകും. ജീത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജീത്തുവാണ് വസ്ത്രലങ്കരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...