ഫാൻമേഡ് പോസ്റ്റർ ഒരുക്കു ; പൃഥ്വിരാജ് ചിത്രം `ആടുജീവിതം`ത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം
Aadu Jeevitham Movie : ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തുന്ന `ആടുജീവിതം` ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന അതിജീവന ചിത്രം 'ആടുജീവിതം' 2024 ഏപ്രിൽ 10 മുതൽ തീയറ്ററുകളിലേക്കെത്തും. ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. ചെയ്യേണ്ടത് ഇത്രമാത്രം ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്റർ ഒരുക്കി ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കുക. സിനിമയുടെ അനൗൺസ്മെന്റ് വന്നതു മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണിത്. ചിത്രത്തിന്റെതായ് പുറത്തുവന്ന പോസ്റ്ററുകളെല്ലാം വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ഇതിനോടകം ഒത്തിരി ഫാൻമേഡ് പോസ്റ്ററുകൾ വന്നിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്റിലൂടെ ആരാധകർക്കായ് ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നേരത്തെ പോസ്റ്ററുകൾ നിർമ്മിച്ചവർക്കും ഈ ഇവന്റിൽ പങ്കെടുക്കാം. നിങ്ങളുടെ ആകർഷകമായ പോസ്റ്ററുകൾ thegoatlifeposter@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), അമല പോൾ, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീകർ പ്രസാദ് കൈകാര്യം ചെയ്യും.
ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകൽപ്പനയുമാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, വേറിട്ട ഭാവപ്രകടനങ്ങൾ തുടങ്ങിയ വൻ പ്രത്യേകതകളോടെ എത്തുന്ന ഈ ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ച് വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.