G Suresh Kumar: `ആറാം തമ്പുരാൻ നൂതന സാങ്കേതിക വിദ്യയിൽ വീണ്ടും റിലീസ് ചെയ്യും` - ജി സുരേഷ് കുമാർ
പഴയ സിനിമകൾ പുതിയ സാങ്കേതികവിദ്യയിൽ വീണ്ടും പുറത്തിറക്കാൻ തുടങ്ങിയാൽ ആറാം തമ്പുരാൻ അടക്കമുളള ചില ചിത്രങ്ങൾ റീ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ്.
മലയാളികൾക്ക് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡ്യൂസറാണ് ജി സുരേഷ് കുമാർ. പൂച്ചയ്ക്കൊരു മൂക്കുത്തി, ആറാം തമ്പുരാൻ. കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി ടൊവിനോയും കീർത്തി സുരേഷും അഭിനയിച്ച വാശി എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ എത്തി നിൽക്കുമ്പോൾ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിർമ്മാണം മാത്രമല്ല അഭിനയത്തിലും തന്റെ മികവ് കാണിച്ചിരിക്കുകയാണ് സുരേഷ് കുമാർ. തന്റെ സിനിമ ജീവിതത്തെ കുറിച്ചും മറ്റുമുള്ള വിശേഷങ്ങൾ സീ മലയാളം ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് താരം.
പഴയ സിനിമകൾ പുതിയ സാങ്കേതികവിദ്യയിൽ വീണ്ടും പുറത്തിറക്കാനുളള ശ്രമങ്ങൾ നടക്കുന്നതായി കേൾക്കുന്നു. സ്ഫടികം അങ്ങനെ പുറത്തിറക്കാനുളള ശ്രമത്തിലാണ് നിർമ്മാതാവെന്ന് സുരേഷ് കുമാർ പറഞ്ഞു. അങ്ങനെ വന്നാൽ താൻ നിർമ്മിച്ച ആറാം തമ്പുരാൻ അടക്കമുളള ചില ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ കാലത്തെ സാങ്കേതികവിദ്യയ്ക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. ഒടിടിയെ ഒഴിവാക്കി മുന്നോട്ടുപോകാനാവില്ല. അങ്ങനെ ചിന്തിക്കുന്നത് കമ്പ്യൂട്ടറിനെ എതിർത്ത പോലെയാകും. 5 ജി സാർവത്രികമാകുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുെമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന സ്ഥിതി മാറിയെന്നും തെന്നിന്ത്യൻ സിനിമകളാണ് ഇപ്പോൾ വ്യവസായം ഭരിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. ബോളിവുഡിലെ ഖാൻ ത്രയങ്ങൾക്കൊപ്പം തെന്നിന്ത്യൻ താരങ്ങളും രാജ്യത്തിന് പുറത്ത് പ്രശസ്തരാകുന്ന നിലയെത്തിയത് ഗുണകരമായ മാറ്റമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...