Aashiq Abu: `പകർപ്പവകാശത്തിന് പ്രതിഫലം നൽകി, ഗാനങ്ങൾ നിയമപരമായി തന്നെ സ്വന്തമാക്കിയത്`; `നീലവെളിച്ച`ത്തിലെ പാട്ട് വിവാദത്തിൽ ആഷിഖ് അബു
`ഭാർഗവീനിലയം` എന്ന സിനിമയിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്നായിരുന്നു വിവാദങ്ങൾക്ക് ആഷിഖ് അബു മറുപടി നൽകിയത്.
ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. അതിനിടെ ചിത്രത്തിലെ ഗാനങ്ങളെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങൾ റീമിക്സ് ചെയ്ത് നീലവെളിച്ചത്തിൽ ഉപയോഗിച്ചതിനെതിരെ ഗാനങ്ങൾക്ക് സംഗീതം നൽകിയ എംഎസ് ബാബുരാജിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സംവിധായകൻ ആഷിഖ് അബുവിനെതിരെ ബാബുരാജിന്റെ കുടുംബം നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു.
എംഎസ് ബാബുരാജ് സംഗീതം ചെയ്‌ത 'ഭാർഗവീനിലയം' എന്ന സിനിമയിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്നായിരുന്നു ആഷിഖ് അബു പ്രതികരിച്ചത്. ഗാനങ്ങളുടെ പകർപ്പാവകാശത്തിൽ ഉൾപ്പെട്ടവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചതെന്നും ആഷിഖ് അബു പറഞ്ഞു.
ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കുടുംബം നോട്ടീസ് അയച്ചത്. ബാബുരാജിന്റെ മകൻ എംഎസ് ജബ്ബാർ മന്ത്രി സജി ചെറിയാനും പരാതി നൽകിയിരുന്നു. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ആ പാട്ടുകൾ ആഷിഖ് അബുവിന്റെ സിനിമയിൽ ഉപയോഗിച്ചതെന്ന് ജബ്ബാർ ആരോപിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗവീനിലയം. ഈ സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് എം.എസ് ബാബുരാജായിരുന്നു. ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി തന്നെയാണ് ആഷിഖ് അബുവിന്റെ നീലവെളിച്ചവും ഒരുങ്ങുന്നത്. ഭാർഗവീനിലയത്തിലെ ഗാനങ്ങൾ തന്നെ റീമിക്സ് ചെയ്താണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം ഈ ഗാനങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു. ബിജിബാലാണ് ഈ റീമിക്‌സ് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.
ഏപ്രിൽ 20ന് നീലവെളിച്ചം തിയേറ്ററുകളിൽ എത്തും. മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി സാജനാണ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍. സംഘട്ടനം സുപ്രീം സുന്ദര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...