Vineeth Sreenivasan: `ആരും മനസില്‍ നിന്ന് പോകുന്നില്ല`, ക്ലാസ് ചിത്രം; റോഷാക്കിനെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ
പ്രേക്ഷകർക്ക് പുത്തൻ അനുഭവം നൽകുന്ന റോഷാക്കിൻറെ ആഖ്യാനരീതിയാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്.
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ഒരു എക്സ്പീരിമെന്റൽ സിനിമ എന്ന തരത്തിലെടുത്ത ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പ്രതികാരം ആണ് ചിത്രത്തിന്റെ തീം എങ്കിലും വ്യത്യസ്തമായ അവതരണത്തിലൂടെ ചിത്രം വളരെ പെട്ടെന്ന് പ്രേക്ഷക മനസിൽ ഇടം നേടിയത്. സിനിമ കണ്ട ഓരോ പ്രേക്ഷകനും പറയാനുള്ളത് മികച്ച ചിത്രം എന്ന് മാത്രമാണ്. ആഖ്യാന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്.
ഇപ്പോഴിത ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ വിനീത് ശ്രീനിവാസൻ. ശരിക്കും ക്ലാസ് പടമാണ് റോഷാക്ക് എന്നാണ് വിനീത് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങൾ ആരും തന്നെ മനസിൽ നിന്ന് പോകുന്നിലെന്നും വിനീത് കുറിച്ചു.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം -
"റോഷാക്ക് ശരിക്കും ക്ലാസ് ആണ്. ചിത്രത്തിൽ എല്ലാ അഭിനേതാക്കളെയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഓരോ വിഭാഗവും ഗംഭീരമായി പണിയെടുത്തിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദിലീപിന്‍റെ അമ്മ, ശശാങ്കന്‍, അനില്‍, ദിലീപിന്‍റെ ഭാര്യ, ആര്‍ത്തിക്കാരനായ ആ പൊലീസ് കോണ്‍സ്റ്റബിള്‍.. ആരും മനസ്സില്‍ നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങള്‍".
ചിത്രത്തിന്റെ മേക്കിംഗ് ആണ് എല്ലാവരും എടുത്ത് പറഞ്ഞ വിഷയം. ഒപ്പം മമ്മൂട്ടി, ബിന്ദു പണിക്കർ എന്നിവരുടെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച് തിയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്. ഒരു എക്സപ്പീരിമെന്റ് ചിത്രത്തിന് പണം മുടക്കാനും തന്റെ സേഫ് സോൺ വിട്ട് മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ തയ്യാറായ മമ്മൂട്ടിക്ക് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കോട്ടയം നസീർ, ജഗദീഷ്, ഗ്രെയ്സ് ആന്റണി, ഷറഫുദീൻ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗംഭീരമാണ്. മേക്കിങ്ങിൽ പുതിയൊരു ദൃശ്യ വിസ്മയം ഒരുക്കാൻ സിനിമയ്ക്ക് സാധിച്ചു.
പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ മുതൽ എന്താണ് ഇതിലെന്നറിയാൻ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെയുള്ള അവതരണമായിരുന്നു റോഷാക്കിന്റേത്. ഓരോ കഥാപാത്രങ്ങളും അവരവരുടെ ക്യാരക്ടറുകൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. പ്രേക്ഷക മനസിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞ് പോകില്ല റോഷാക്കിലെ കഥാപാത്രങ്ങൾ ഒന്നും തന്നെ.
മമ്മൂട്ടി സ്‌ക്രീനിൽ വരുന്നത് മുതൽ ഓരോ നിമിഷവും എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ നൽകുന്നതാണ് ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം തന്നെ സമ്മാനിച്ചിരിക്കുകയാണ് നിസാം. മുഖം വ്യക്തമാക്കാതെ തന്നെ കേന്ദ്ര കഥാപാത്രമായി ആസിഫ് അലിയും ചിത്രത്തിലുണ്ട്. ചാക്കുകൊണ്ടുള്ള മുഖമൂടി ധരിച്ച് ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ആസിഫിന്റേത്.
സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - ചിത്ര സംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...