Iraivan Movie: ``കുട്ടികൾക്കൊപ്പം ഈ ചിത്രം കാണാൻ ഞാൻ നിർദ്ദേശിക്കില്ല``; `ഇരൈവനെ` കുറിച്ച് ജയം രവി
ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ചും ആർക്കൊക്കെ ചിത്രം കാണാം എന്നും വ്യക്തമാക്കുകയാണ് ജയം രവി.
ജയം രവി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഇരൈവൻ സെപ്റ്റംബർ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. വയലൻസ് രംഗങ്ങൾ ഉള്ളതിനാലാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ ജയം രവി ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജയം രവിയുടെ വാക്കുകൾ
''ഞാൻ സാധാരണയായി എല്ലാ പ്രേക്ഷകർക്കും വേണ്ടിയുള്ള സിനിമകളാണ് ചെയ്യാറുള്ളത്. എന്നാൽ ഇരൈവനെ സംബന്ധിച്ചിടത്തോളം കുട്ടികൾക്കൊപ്പം ഈ സിനിമ കാണാൻ ഞാൻ നിർദ്ദേശിക്കില്ല. കാരണം ഇത് 'എ' സർട്ടിഫൈഡ് ആയതിനാൽ കുട്ടികൾ പേടിച്ചേക്കാം. ഒന്നും മറച്ചുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് ട്രെയിലറിൽ സിനിമയുടെ മൂഡ് ഞങ്ങൾ വ്യക്തമായി കാണിച്ചിരിക്കുന്നത്. അത് കണ്ട് ആർക്കൊക്കെ കാണണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകർ തന്നെയാണ്. ഇത്തരത്തിലുള്ള പടങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും നമുക്കിടയിലുണ്ട്. അവർ ഈ സിനിമയെ പിന്തുണയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ബ്രദർ തുടങ്ങി കുടുംബ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന എന്റെ നിരവധി സിനിമകൾ ഇനി വരാനുണ്ട്.''
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലൻ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജയം രവിയുടെ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാണ് ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.
Also Read: Iraivan Movie: 'ഇരൈവൻ' വിതരണാവകാശവും ശ്രീ ഗോകുലം മൂവീസിന്; സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ - ഹരി പി വേദനത്, എഡിറ്റർ - മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, ആക്ഷൻ - ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, പി ആർ ഒ - ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...