കൊച്ചി: ബാലതാരമായെത്തി നായക പദവിയിലേക്ക് ഉയര്‍ന്ന നടനാണ് കാളിദാസ് ജയറാം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ചിത്രങ്ങളാണ് കാളിദാസന്റേതായി പുറത്തിറങ്ങാനുള്ളത്. പൂമരത്തിനു ശേഷം ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് കാളിദാസന്റേതായി തിയേറ്ററിലെത്തിയ പുതിയ ചിത്രം. 


മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നെയിലാണ് പഠിച്ചു വളര്‍ന്നതെങ്കിലും കേരളത്തിലെ ജീവിത സാഹചര്യങ്ങളോട് ഏറെ അടുപ്പമുണ്ടെന്ന് കാളിദാസ് പറയുന്നു


മലയാളത്തോടും കേരളത്തിലെ ജീവിതസാഹചര്യങ്ങളോടും ഏറെ അടുത്തുനില്‍ക്കുന്ന വ്യക്തിതന്നെയാണ് ഞാന്‍. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഹോം വര്‍ക്കുകള്‍ അധികം വേണ്ടിവരുന്നില്ലയെന്നു കാളിദാസന്‍ പറഞ്ഞു. 


അതില്‍ എനിക്ക് നന്ദിപറയേണ്ടത് അപ്പയോടും അമ്മയോടുമാണ്. സാധാരണക്കാരന്റെ ജീവിതം അറിയാവുന്ന പാകത്തിലാണ് അവരെന്നെ വളര്‍ത്തിയത്. മലയാള സിനിമകളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നുതന്നെ ആ സാഹചര്യങ്ങളുമായി ചേര്‍ന്നുനില്‍ക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടെന്ന് കാളിദാസ് പറഞ്ഞു.


മെമ്മറീസും ദൃശ്യവുമെല്ലാം സംവിധാനം ചെയ്ത ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും കാളിദാസ് പറയുന്നു. ഒരു ശരാശരി മലയാളി പ്രേക്ഷകനെ ആകര്‍ഷിക്കുന്ന എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയെന്നും കാളിദാസ് പറഞ്ഞു.