Kottayam Nazeer: ആശുപത്രിവാസം കഴിഞ്ഞു; വീണ്ടും സിനിമ തിരക്കുകളിലേക്കെന്ന് കോട്ടയം നസീർ
തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്തു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീർ വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ കോട്ടയം നസീർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 27ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നസീറിനെ ആൻജിയോഗ്രാം പരിശോധനയ്‍ക്കും തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു.
"ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു...എന്നെ ചികത്സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും... പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്വേഷിക്കുകയും..... വന്നു കാണുകയും..... എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി", എന്നാണ് കോട്ടയം നസീർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
കോട്ടയം കറുകച്ചാല്‍ സ്വദേശിയായ നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും അനുകരിച്ചാണ് കലാപ്രേമികളുടെ ഇടയിൽ ശ്രദ്ധേയനായത്. ചിത്രകാരൻ എന്ന നിലയിലും കോട്ടയം നസീര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 'മിമിക്സ് ആക്ഷൻ 500' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീല്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം റോഷാക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കോട്ടയം നസീർ കയ്യടി നേടിയിരുന്നു.
നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രജനികാന്തിൻ്റെ സൂപ്പർ ഹിറ്റ് ചിത്രം എന്തിരനിൽ അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയ്ക്ക് ശബ്ദം നൽകിയത് നസീറാണ്. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മിമിക്രി വിഭാഗത്തില്‍ ലഭിച്ചത് കോട്ടയം നസീറിന് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...