Actor Mohanlal: മോഹൻലാലിന്റെ കയ്യക്ഷരം ഫോണ്ടായി വേണോ? ദേ എത്തീ...
Mohanlal Handwritting get as Font from now: A 10 എന്നാണ് ഫോണ്ട് അറിയപ്പെടുന്നത്.
മലയാള സിനിമയുടെ അടയാളമായി മാറിയ നടനാണ് മോഹൻലാൽ. അഭിനയം മാത്രമല്ല തനിക്ക് ആലാപനവും വഴങ്ങുമെന്ന് താരം തെളിയിച്ചതാണ്. മോഹൻലാലിന്റെ അഭിനയത്തിനെന്നോണം ആ ശബ്ദത്തിനും ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന് ഇന്ന് പിറന്നാളാണ്. ഇന്ന് കേരളത്തിലെ ഒരു വിഭാഗം സിനിമാ പ്രേമികളുടെയെല്ലാം വാട്സ്ആപ് സ്റ്റാറ്റസ് ഭരിക്കുന്നത് ലാലേട്ടൻ സിനിമ സീനുകളും, ഗാനങ്ങളുമാണ്.
നിരവധി പേരാണ് താരത്തിന് ആശംസകളുമായും സർപ്രൈസുകളുമായും എത്തുന്നത്. ഇപ്പോഴിതാ മോഹൻലാൽ അവതാരകനായ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ താരത്തിന് വ്യത്യസ്ഥമായ ഒരു സമ്മാനം നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ കയ്യക്ഷരത്തിൽ ഫോണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വേദിയില്‍ വെച്ചായിരുന്നു ആ വേറിട്ട സമ്മാനം. മോഹൻലാലിന്റെ കയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ലഭ്യമാകും എന്ന പ്രഖ്യാപനമാണ് നടന്നത്. ' A 10' എന്നായിരിക്കും ഫോണ്ട് അറിയപ്പെടുക എന്നും ബിഗ് ബോസ് വേദിയില്‍ വച്ച് പ്രഖ്യാപിച്ചു.
ALSO READ: വെങ്കട് പ്രഭുവും വിജയും ഒന്നിക്കുന്നു, ഒപ്പം യുവൻ ശങ്കർ രാജയും; 'ദളപതി 68' പ്രഖ്യാപനമായി
അതേസമയം കേരളക്കരയാകെ മുൾമുനയിൽ നിർത്തിച്ച സിനിമയായ 'ദൃശ്യം 2'നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന 'റാമി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍ താരത്തിന് ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. വിദേശ രാജ്യങ്ങളായ പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം കൂടിയാണ് ഇനി 'റാമിന്റേ'തായി ബാക്കിയുള്ളത്. ഓണം റിലീസ് ആയാണ് സിനിമ പ്രേക്ശകർക്ക് മുന്നിൽ എത്തുകയെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിൽ മോഹൻലാലിനൊപ്പം നായിക വേഷത്തിൽ എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരിയായ തൃഷയാണെന്നതും സിനിമയിലെ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു. കൂടാതെ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മോഹൻലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. ലിജോ-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ലിജോ-മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ നൻപകൽ നേരത്ത് മയക്കം ആരാ
ധകരുടെ പ്രതീക്ഷ തെറ്റിച്ചിരുന്നില്ല. അത്തരത്തിൽ പ്രഖ്യാപനം മുതൽ വലിയ പിന്തുണയാണ് മലൈക്കോട്ടൈ വാലിബനും ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തുന്ന ഫോട്ടോകളും വീഡിയോകളുമെല്ലാം നിമിശ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. 'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'സ്‍ഫടിക'മാണ് ഒടുവില്‍ റിലീസായ സിനിമ. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം.'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍താണ് വീണ്ടും റിലീസ് ചെയ്തത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ച് എത്തിയ സിനിമ വലിയ പ്രേക്ഷക പിന്തുണയാണ് നേടിയത്. തോമായുടെ മുണ്ടു പറിച്ച അടിയും, ആട്ടും സൂപ്പുമെല്ലാം കൂടുതൽ ദൃശ്യ മികവോടെ വീണ്ടുമെത്തിയപ്പോൾ അത് പഴയ തലമുറയ്ക്ക് മാത്രമല്ല പുതുതലമുറയ്ക്കും ഒരു പുതിയ അനുഭവമായി മാറി. മാത്രമല്ല അക്കാലത്ത് ഈ സിനിമ തീയേറ്ററിൽ പോയി കാണാൻ സാധിക്കാത്ത പലർക്കും തീയേറ്ററിൽ പോയി കണ്ട് ആസ്വധിക്കാനുള്ള അവസരം കൂടി ലഭിച്ചു. മാത്രമല്ല റീ റിലീസ് ആയിരുന്നിട്ടും ആട് തോമ തീയെറ്ററിൽ വൻ ഹിറ്റ് ആയിരുന്നു. നല്ല കളക്ഷൻ തന്നെ തീയേറ്ററുകളിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ട്.