മലയാളിയുടെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി. പ്രായഭേദമന്യേ എല്ലാ തലമുറകളും ഒരേപോലെ ഹൃദയത്തിൽ കൊണ്ടുനടന്ന പാട്ടുകളായിരുന്നു ജയചന്ദ്രന്റേത്. എക്കാലത്തും മലയാളിക്ക് പ്രിയപ്പെട്ട ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ നടൻ മോഹൻലാൽ അനുശോചിച്ചു. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ആളാണ് ജയചന്ദ്രൻ എന്ന് മോഹൻലാൽ കുറിച്ചു. ജ്യേഷ്ഠ സഹോദരൻ ആയിരുന്നു അദ്ദേഹമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;


''പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. 
ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.''


പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 


Also Read: P Jayachandran Movies: 4 സിനിമകൾ, ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ; ഭാവ​ഗായകൻ നടനായി മാറിയ നിമിഷങ്ങൾ


 


തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7.45നായിരുന്നു അന്ത്യം. വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസായിരുന്നു. അർബുദ രോ​ഗത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മികച്ച ​ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 5 തവണയാണ് മികച്ച ​ഗായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. സുപ്രഭാതം, ഹർഷബാഷ്പം തൂകി, നിൻ മണിയറയിലെ തുടങ്ങിയവ ആ മാന്ത്രിക ശബ്ദത്തിൽ വിടർന്നതാണ്. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.


1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. 2021ൽ അദ്ദേഹം ജെ.സി ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. പ്രണയം, വിരഹം, സന്തോഷം അങ്ങനെ ഏതൊരു വികാരത്തിലുള്ള ​ഗാനങ്ങൾക്കും ജയചന്ദ്രന്റെ ശബ്ദം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മലയാളിക്ക്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.