G Suresh Kumar: `സിനിമ വിജയിക്കാൻ ലാലും മമ്മൂട്ടിയും തന്നെ അഭിനയിക്കണമെന്നില്ല, നല്ല സബ്ജക്ട് ഉണ്ടായാൽ മതി` - ജി സുരേഷ് കുമാർ
എല്ലാ ചിത്രങ്ങളും സ്വീകരിക്കാൻ ഒടിടിയും തയ്യാറാകില്ലന്ന് ജി സുരേഷ് കുമാർ.
മലയാള സിനിമ കൂടുതൽ റിയലിസ്റ്റിക് ആയതോടെ ഏതെങ്കിലും ഒരു വേഷത്തിൽ ഒരു പ്രത്യേക അഭിനേതാവ് വേണമെന്നില്ലെന്ന നിലയെത്തിയെന്ന് നിർമ്മാതാവും നടനും ഫിലിം ചേംബർ പ്രസിഡൻ്റുമായ ജി സുരേഷ് കുമാർ. മോഹൻലാലോ മമ്മൂട്ടിയോ നായകനാകണമെന്നില്ല. നല്ല സബ്ജക്ടുണ്ടെങ്കിൽ അത്യാവശ്യം അഭിനയശേഷിയുളള ആര് അഭിനയിച്ചാലും സിനിമ നന്നാവുമെന്നാണ് സുരേഷ് കുമാറിന്റെ അഭിപ്രായം. മലയാളത്തിൽ ധാരാളം ചോയ്സ് ഉണ്ടെന്നും ഗ്ലാമറൊന്നും ഇപ്പോൾ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോഹൻലാലുമൊത്ത് വീണ്ടും ചിത്രമൊരുക്കാനുളള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
ഇന്ത്യൻ സിനിമയെ കുറിച്ചും മലയാള സിനിമയെ കുറിച്ചും അദ്ദേഹം സീ മലയാളം ന്യൂസിനോട് സംസാരിച്ചു. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന സ്ഥിതി മാറി. തെന്നിന്ത്യൻ സിനിമകളാണ് ഇപ്പോൾ വ്യവസായം ഭരിക്കുന്നത്. ബോളിവുഡിലെ ഖാൻ ത്രയങ്ങൾക്കൊപ്പം തെന്നിന്ത്യൻ താരങ്ങളും രാജ്യത്തിന് പുറത്ത് പ്രശസ്തരാകുന്ന നിലയെത്തിയത് ഗുണകരമായ മാറ്റമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.
മലയാളത്തിൽ ഒരു വർഷം ഇറങ്ങുന്നതിൽ എട്ടു മുതൽ പത്തു ശതമാനം വരെ ചിത്രങ്ങൾ മാത്രമാണ് വിജയിക്കുന്നത്. ബാക്കിയൊക്കെ നിർമാതാക്കൾക്ക് കനത്ത നഷ്ടമാണ് നൽകുന്നത്. ഈ വർഷം ഇരുന്നൂറോളം സിനിമകൾ ഇറങ്ങുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആകെ നഷ്ടത്തിന്റെ കണക്ക് വലുതായിരിക്കും. കാരണം, ഒടിടിക്ക് വേണ്ടി മാത്രമായും ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. എല്ലാ ചിത്രങ്ങളും സ്വീകരിക്കാൻ ഒടിടിയും തയ്യാറാകില്ല. നിർമ്മാതാവിന് മാത്രമാണ് നഷ്ടം വരികയെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.
നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്കിനെ പറ്റിയും സുരേഷ് കുമാർ നിലപാട് വ്യക്തമാക്കി. ശ്രീനാഥിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ആരും പരാതി എഴുതി നൽകിയിരുന്നില്ല. മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചപ്പോൾ നടനെ ഓഫീസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ശ്രീനാഥ് ഭാസിയെ തിരുത്താനാണ് ഉദ്ദേശിക്കുന്നത്. ആജീവനാന്തം വിലക്കാനോ ഉപജീവനം തടസ്സപ്പെടുത്താനോ കഴിയില്ല. നിലവിൽ അഭിനയിക്കുന്ന സിനിമകൾ തീർത്തു കൊടുക്കണം. അതിനുശേഷമുളള കാര്യങ്ങൾ ഫിലിം ചേംബർ ആലോചിക്കും. സിനിമയിൽ അച്ചടക്കം ഉണ്ടാകണം. അഭിനേതാവിന്റെ മോശം പെരുമാറ്റം മൂലം നിർമ്മാതാവിന് നഷ്ടമുണ്ടാകുന്ന സ്ഥിതി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഭിനയത്തെ കുറിച്ചുള്ള ചോദ്യത്തിന് അഭിനയം ഗൗരവമായി എടുത്തിട്ടില്ലെന്നായിരുന്നു സുരേഷ് കുമാറിന്റെ മറുപടി. രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ അതിനായി മാറ്റിവയ്ക്കാനും കഴിയില്ല. സിനിമാ നിർമ്മാണം എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. എന്നാൽ അഭിനയം വളരെ സുഖമുള്ള കാര്യമാണ്. മറ്റൊരാൾ പണം മുടക്കുമ്പോൾ ടെൻഷനില്ലാതെ അഭിനയിച്ച് പണം വാങ്ങിപ്പോരാം. അഭിനയിക്കുമ്പോൾ പ്രതിഫലത്തിന് പിടിവാശി കാണിക്കാറില്ല. തരുന്നത് വാങ്ങിപ്പോരും. ഭാര്യ മേനകയ്ക്കൊപ്പം വൈകാതെ സ്ക്രീനിൽ എത്തുമെന്നും സുരേഷ് കുമാർ സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...