Actor Sidhique: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; രാജി ലൈംഗികാരോപണത്തിന് പിന്നാലെ
സിനിമ മോഹിച്ചെത്തിയ തന്നെ സിദ്ദിഖ് ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്നാണ് താരം ആരോപിച്ചിരിക്കുന്നത്.
കൊച്ചി: നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു. രാജി ഗുരുതര ലൈംഗിക ആരോപണത്തിന് പിന്നാലെ. അമ്മ പ്രസിഡന്റിന് ഇമെയിൽ വഴി രാജിക്കത്ത് നൽകി. യുവനടി രേവതി സമ്പത്ത് ആണ് ആരോപണമുന്നയിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.
സിദ്ദിഖിനെതിരെ യുവനടി രേവതി സമ്പത്ത് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. നടിയുടെ ആരോപണത്തിൽ സിദ്ദിഖിനെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ അമ്മ ജനറൽ സെക്രട്ടറിയാണ് സിദ്ദിഖ്.
വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് സിദ്ദിഖിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കുന്നു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെ സിനിമ മേഖലയിലേക്ക് വന്ന തന്റെ സ്വപ്നങ്ങളെല്ലാം ഇയാൾ കാരണം നഷ്ടപ്പെട്ടുവെന്ന് നടി വ്യക്തമാക്കി.
പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ വഴി അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഉപദ്രവിച്ചതെന്ന് നടി വിവരിച്ചു. മോളേ എന്ന് വിളിച്ചാണ് അയാൾ സമീപിച്ചത്. ഇത്തരത്തിലൊരു പെരുമാറ്റം അയാളിൽ നിന്നും ഉണ്ടാകുമെന്ന് കരുതിയില്ലെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്ന് പറഞ്ഞ സിദ്ദിഖ് അപ്പോൾ ക്രിമിനൽ അല്ലേ എന്ന് നടി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ലെന്നും ജീവിതത്തിൽ അത്രത്തോളം അനുഭവിച്ചുവെന്നും രേവതി വ്യക്തമാക്കി. പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരിൽ നിന്നും സുഹൃത്തുക്കൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ടെന്നും റിപ്പോർട്ടിൽ തുടർ നടപടിയെന്തുണ്ടാകുമെന്നതിലാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രധാന്യം നൽകണമെന്നും രേവതി സമ്പത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy