കൊച്ചി: കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി വ്യക്തിവിവരങ്ങള്‍ തേടിയ പോലീസ് ദിലീപിന്‍റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നു. എന്നാല്‍ ഇക്കാര്യം മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും അറിയില്ലായിരുന്നു. ദിലീപിന്‍റെ ബന്ധുക്കള്‍ ഇക്കാര്യം ഇവരില്‍നിന്നും മറച്ചു വച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാജീവിതം ആരംഭിക്കുന്നതിനു മുന്‍പ് ദിലീപ് സ്വന്തം അമ്മാവന്‍റെ മകളെയാണ് ദിലീപ് വിവാഹം ചെയ്തത്. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിലീപും അമ്മാവന്‍റെ മകളും വിവാഹിതരായത്. ഗോപാലകൃഷ്ണന്‍ എന്ന അനൗദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. 


സിനിമതാരമായി മാറിയശേഷം മഞ്ജു വാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്‍റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ മഞ്ജുവുമായുള്ള ബന്ധം അനിവാര്യമാണെന്നും ഒഴിവാകണമെന്നുമായിരുന്നു ആവശ്യം. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്‍റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പത്തിലായി. അവര്‍ തന്‍റെ ഭര്‍ത്താവിന്‍റെ നല്ല ഭാവിയെ ഓര്‍ത്ത് വിവാഹത്തില്‍ നിന്ന്  ആ യുവതി പിന്മാറി.


ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടുകയും ചെയ്തു. അതിനുശേഷം തന്‍റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു.  ദിലീപിന്‍റെ മൂന്ന് വിവാഹവും പ്രണയ വിവാഹമായിരുന്നു.


ജൂലൈയിലാണു ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. എന്നാല്‍ ഈ വിവാഹം നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തോ എന്നത് പൊലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുദ്ര പത്രത്തില്‍ ഒപ്പിട്ടുള്ള വിവാഹം ആകാനാണ് സാധ്യതയെന്നും പൊലീസിന് വിലയിരുത്തലുണ്ട്. ആദ്യ വിവാഹത്തിന്‍റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ തീയതി കൃത്യമായി  അറിയിക്കണമെന്നു പൊലീസ് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്


ദിലീപിന്‍റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നും അവര്‍ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നുമുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.