നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹതടവുകാരൻ ഭീക്ഷണിപ്പെടിത്തിയെന്ന പരാതിയുമായി ദിലീപും, നാദിര്‍ഷയും
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ബ്ലാക്മെയിലിങ്ങിലൂടെ ഭീഷണിപ്പെടുത്തിയെന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ബ്ലാക്മെയിലിങ്ങിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും ഡിജിപിക്ക് പരാതി നൽകി. പൾസർ സുനിയും സഹതടവുകാരും ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തി.
പൊലീസ് ചോദ്യം ചെയ്യുമ്പോൾ ദിലീപിന്‍റെ പേരുപറയുമെന്നും, അങ്ങനെ ചെയ്താൽ പണം നൽകാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും വിളിച്ചയാൽ വെളിപ്പെടുത്തിയതായി നാദിർഷ പരാതിയിൽ പറയുന്നു. ഏപ്രിൽ ആദ്യവാരത്തിലാണ് ഫോൺസന്ദേശമെത്തിയത്. തന്റെ അമേരിക്കൻ പര്യടനത്തിനു മുൻപുതന്നെ ഇതേക്കുറിച്ച് പരാതി നൽകിയിരുന്നുവെന്ന് ദിലീപും വ്യക്തമാക്കി. ഭീഷണി ഉൾപ്പെടുന്ന ഫോൺ സംഭാഷണം ദിലീപ് പൊലീസിനു കൈമാറി.
നടി ആക്രമിക്കപ്പെട്ടകേസിൽ ദിലീപിന്‍റെ പേര് പറയാൻ പലകോണുകളിൽ നിന്നും തങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടെന്നും പേര് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയടക്കമുള്ള തെളിവുകളും ദിലീപ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.