Menaka Suresh: `ഞങ്ങളുടെ ഹണിമൂണിനെ കുറിച്ച് പ്രിയേട്ടനോട് പറഞ്ഞിരുന്നു; അതാണ് പിന്നെ ആ സിനിമയിൽ വന്നത്` - മേനക സുരേഷ്
തങ്ങളുടെ ഹണിമൂൺ അനുഭവമാണ് പിന്നീട് പ്രിയദർശന്റെ മിഥുനം എന്ന സിനിമയിൽ വന്നതെന്നാണ് മേനക സുരേഷിന്റെ വെളിപ്പെടുത്തൽ.
മലയാളിക്ക് സുപരിചിതരായ താരദമ്പതികളാണ് മേനകയും സുരേഷും. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നടിയായിരുന്നു മേനക. മലയാള സിനിമയിൽ മേനക എന്ന നടി തിളങ്ങി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചലച്ചിത്ര നിർമ്മാതാവായിരുന്ന ജി സുരേഷ് കുമാർ ഇപ്പോൾ അഭിനയരംഗത്തേക്കും കാലെടുത്തുവെച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള കീർത്തി സുരേഷ് ഇവരുടെ മകളാണ്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് മേനകയും സുരേഷും നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്.
തങ്ങളുടെ ഹണിമൂണിനെ കുറിച്ചാണ് മേനക വെളിപ്പെടുത്തിയത്. മിഥുനം സിനിമയിലെ ഹണിമൂൺ അത് തങ്ങളുടെ അനുഭവമായിരുന്നുവെന്നാണ് മേനക പറയുന്നത്. തങ്ങളുടെ ഹണിമൂണിനെ കുറിച്ച് പ്രിയദർശനോട് പറഞ്ഞിരുന്നുവെന്നും പിന്നീട് അതാണ് മിഥുനത്തിലെ സീൻ ആയതെന്നും മേനക കൂട്ടിച്ചേർത്തു.
Also Read: Jai Mahendran: സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ്; നായകൻ സൈജു കുറുപ്പ്; സ്ട്രീമിങ് ഉടൻ
മേനകയുടെ വാക്കുകൾ:
''ഞങ്ങൾ പോയ വണ്ടിയിൽ എത്ര പേരുണ്ട് എന്നൊന്നും എനിക്കറിയില്ല. ആളെ കേറ്റി കേറ്റി ഇടുങ്ങിയൊക്കെ ഞങ്ങൾ കന്യാകുമാരിയിൽ പോയി. ഞാൻ ചോദിച്ചു റൂമൊക്കെ ബുക്ക് ചെയ്തിട്ടുണ്ടോ എന്ന്. എല്ലാം ബുക്ക് ചെയ്തിട്ടുണ്ട്, ഒന്നും അറിയണ്ടടവന്നാൽ മാത്രം മതിയെന്നാണ് പുള്ളി പറഞ്ഞത്. പിന്നെ അവിടെ ചെന്നപ്പോൾ മനസിലായി റൂമൊന്നും ബുക്ക് ചെയ്തിട്ടില്ല. ഓരോ സ്ഥലത്തും ചെന്ന് റൂമുണ്ടോ എന്ന് അന്വേഷിച്ച് ഒടുവിൽ അവിടുള്ള ഒരു അയ്യപ്പ ലോഡ്ജിൽ സ്ഥലം കിട്ടി. അവിടെ ചെന്നപ്പോൾ കിട്ടിയത് ഒരു ഡോർമറ്ററി ആയിരുന്നു.
എല്ലാവരും ഒരേ റൂമിൽ, രാവിലെ ആകെയുള്ള ഒരു ബാത്റൂമിൽ എത്ര പേർ കുളിക്കും റെഡിയാകും. അങ്ങനെ റെഡിയായി. വൈകിട്ട് എവിടെ പോകണം എന്ന് സുരേഷേട്ടൻ വന്ന് റൊമാന്റിക് ആയിട്ട് ചോദിച്ചു. അപ്പോ ചേച്ചി പറഞ്ഞു തിരിച്ച് വീട്ടിലേക്ക് പോകാമെന്ന്. ഈ സംഭവം പങ്കജ് ഹോട്ടലിൽ വെച്ച് പ്രിയേട്ടനോട് പറഞ്ഞിരുന്നു. അവിടെ സംഭവിച്ചതെല്ലാം വിശദമായി പറഞ്ഞു. അതാണ് പിന്നീട് മിഥുനം സിനിമയിലെ ആ സീനിൽ കണ്ടത്.''
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു മിഥുനം. 1993ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആണ്. ഈ സിനിമയിലെ ഏറ്റവും ഹിറ്റായ, ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന രംഗമാണ് ബന്ധുക്കളെ എല്ലാവരെയും കൂട്ടി മോഹൻലാലും ഉർവശിയും ഹണിമൂണിന് പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...