Agent Movie Teaser : മമ്മൂട്ടിയുടെ തെലുഗു ചിത്രം ഏജന്റിന്റെ ടീസർ പുറത്തുവിട്ടു; ത്രില്ലടിച്ച് പ്രേക്ഷകർ
Agent Movie Teaser : ആകെ 5 ഭാഷകളിലായി പാൻ ഇന്ത്യ റിലീസായി ആണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനും തുല്യ പ്രാധാന്യം ഉണ്ടെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.
ഹൈദരാബാദ് : മമ്മൂട്ടിയും അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തെലുഗ് ചിത്രം ഏജന്റിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. ആകെ 5 ഭാഷകളിലായി പാൻ ഇന്ത്യ റിലീസായി ആണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനും തുല്യ പ്രാധാന്യം ഉണ്ടെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദർ റെഡ്ഢിയാണ്. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം.
ചിത്രം നേരത്തെ 2021 ഡിസംബറിൽ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീണ്ട് പോകുകയും റിലീസ് നീട്ടി വെക്കുകയുമായിരുന്നു.ചിത്രം ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിൻറെ പ്രമോഷൻ പരിപാടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുഗുവിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ മമ്മൂട്ടി നായക തുല്യവേഷത്തിലാണ് എത്തുന്നതെന്നാണ് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ മമ്മൂട്ടി ഏജന്റിൽ വില്ലനാണെന്നുള്ള റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്. ചിത്രത്തിൻറെ പോസ്റ്ററും മറ്റും സാമൂഹിക വളരെയധികം ശ്രദ്ധനേടിയിരുന്നു.
സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്പ്ഹോപ്പ് തമിഴായാണ്. ഹോളിവുഡ് ത്രില്ലർ സീരിസായിരുന്ന ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. എകെ എന്റെർടേയ്ൻമെന്റ്സിന്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് രാമബ്രഹ്മം ശങ്കരയാണ്. പ്രേക്ഷകർ ഏറെ [പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഏജന്റും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...