മുംബൈ പോലീസിന് കോടികളുടെ സഹായവുമായി അക്ഷയ് കുമാർ...!!
കൊറോണ വൈറസിനെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാർ മുന്‍പന്തിയിലാണ്...
മുംബൈ: കൊറോണ വൈറസിനെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാർ മുന്‍പന്തിയിലാണ്...
കോവിഡ് പ്രതിരോധത്തിനായി PM Cares Fund ലേയ്ക്ക് 2 5 കോടിയാണ് അക്ഷയ് കുമാർ സംഭാവന നല്‍കിയത്. കൂടാതെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് (ബിഎംസി) 3 കോടിയുടെ സഹായധനം അക്ഷയ് കുമാര്‍ നല്‍കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും വാങ്ങുന്നതിനുവേണ്ടിയാവും ഈ സഹായധനം ഉപയോഗിക്കുകയെന്ന് എന്ന് ബിഎംസി അറിയിച്ചിരുന്നു.
കൂടാതെ, മുംബൈയിലെ ഗാലക്‌സി തിയറ്ററിനും അദ്ദേഹം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ദിവസ വേതന തൊഴിലാളികള്‍ക്കാണ് അക്ഷയ് കുമാര്‍ സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
എന്നാല്‍ അവിടെയും തീര്‍ന്നില്ല, ഇപ്പോള്‍ അദ്ദേഹം മുംബൈ പോലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ്. മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് ആണ് ഈ വിവരം തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്.
'മുംബൈ പോലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ സംഭാവന നൽകിയതിന് മുംബൈ പോലീസ് നടന്‍ അക്ഷയ് കുമാറിന് നന്ദിയറിയിക്കുന്നു. നഗരത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെ ജീവൻ സംരക്ഷിക്കുന്നതിൽ നിങ്ങളുടെ സംഭാവന ഒരുപാട് സഹായമാകും', അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്റിന് മറുപടിയായി കോവിഡ് -19 മൂല൦ മരണമടഞ്ഞ ഹെഡ് കോൺസ്റ്റബിൾമാരായ ചന്ദ്രകാന്ത് പെൻഡുർക്കറിനും സന്ദീപ് സർവേയ്ക്കും 52 കാരനായ താരം ആദരാഞ്ജലി അർപ്പിക്കുകയും ഫൗണ്ടേഷന് സംഭാവന നൽകണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അക്ഷയ് കുമാര്‍ കോവിഡ് പ്രതിരോധ അവബോധ യജ്ഞത്തില്‍ മികച്ച രീതിയില്‍ പങ്കാളിയാവുന്നുണ്ട്. ജാക്കി ഭഗ്നാനിക്കൊപ്പം ചേര്‍ന്ന് കോവിഡ് പ്രതിരോധ ഗാനം അക്ഷയ് പുറത്തിറക്കിയിരുന്നു.