Mumbai: ബോളിവുഡ് നടന്‍ അക്ഷയ് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന "ലക്ഷ്മി ബോംബ്" (Laxmmi Bomb)  എന്ന ഹിന്ദി  ചിത്രത്തിന്‍റെ പേര്  ഹൈന്ദവ സംഘടനകളുടെ  പ്രതിഷേധം ശക്തമായതിനെ തുടർന്ന്  മാറ്റി...


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം ലക്ഷ്മി ബോംബിന്‍റെ  പേര്  "ലക്ഷ്മി"  (Laxmii) എന്നാക്കി  മാറ്റി.  ചിത്രത്തിന്‍റെ  പേരിനെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.  ചിത്രത്തിന്‍റെ  പേര് ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്നരോപിച്ചായിരുന്നു പ്രതിഷേധം.


ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി  കര്‍ണി സേനയടക്കം (Karni Sena)   നിരവധി  ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.  ചിത്രത്തിന്‍റെ പേര്  ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം  വ്രണപ്പെടുത്തുന്നതുമാണെന്ന്  ആരോപിച്ച രജപുത് കര്‍ണി സേന  സിനിമയുടെ  പേര് മാറ്റണമെന്ന ആവശ്യ൦ ഉന്നയിച്ച്  അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ്  അയച്ചിരുന്നു. 


ദേവിയുടെ അന്തസ്സ് കുറയ്ക്കാനും ദേവിയോട് അനാദരവ് കാണിക്കാനും ഉദ്ദേശിച്ചാണ്   ചിത്രത്തിന്  'ലക്ഷ്മി ബോംബ്' എന്ന തലക്കെട്ട് നിര്‍മ്മാതാക്കള്‍  നല്‍കിയതെന്നും  പേര് നിര്‍മ്മാതാക്കള്‍  മന:പൂര്‍വ്വം ഉപയോഗിച്ചതാണെന്നും  രജപുത് കര്‍ണി സേന ആരോപിച്ചിരുന്നു.  ചിത്രത്തിന്‍റെ പേര് ഹിന്ദുമതത്തിലെ പ്രത്യയശാസ്ത്രം, ആചാരങ്ങള്‍, ദേവന്മാര്‍, ദേവതകള്‍ എന്നിവക്ക് സമൂഹത്തില്‍  തെറ്റായ സന്ദേശം നല്‍കുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.  


ലക്ഷ്മി ബോംബ് എന്ന ചിത്രം  സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി മുന്‍പേ തന്നെ  രംഗത്ത് വന്നിരുന്നു.  അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.   


ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നതിനായാണ് ചിത്രത്തിന് ഇത്തരമൊരു പേര് നൽകിയതെന്ന് ചലച്ചിത്ര നിരൂപകരും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് സെൻസർ ബോർഡുമായി ചർച്ച ചെയ്ത ശേഷം ചിത്രത്തിന്‍റെ  പേര് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. 


Also read: Laxmmi Bomb: ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് കര്‍ണി സേന, അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ്


രാഘവാ ലോറന്‍സിന്‍റെ  ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ സിനിമ നേരിട്ട് ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യും.   രാഘവാ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം നവംബര്‍ 9ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.