ഗോൾഡ് സിനിമയുടെ റിലീസിന് പിന്നാലെ സിനിമയ്ക്കും സിനിമയുടെ സംവിധായകൻ അൽഫോൻസ് പുത്രനുമെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. നിരവധി തവണ ഇതിനെതിരെ പ്രതികരിച്ച് കൊണ്ട് അൽഫോൻസ് പുത്രൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇത്തരത്തിൽ ഉയർന്ന് വരുന്ന കളിയാക്കലുകളിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് സംവിധായകൻ. ഞാൻ ആരുടേയും അടിമയല്ല, എന്നെ പരസ്യമായി കളിയാക്കാനും അപമാനിക്കാനും ആർക്കും അധികാരമില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇനി തന്റെ മുഖം കാണിക്കില്ലെന്നും സംവിധായകൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING


അൽഫോൻസ് പുത്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് 


നിങ്ങൾ എന്നെയും ഗോൾഡ് സിനിമയെയും കുറിച്ച് കുറ്റം പറയുകയും ട്രോളുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്... അത് നിങ്ങൾക്ക് നല്ലതാണ്. എനിക്കു അത് ഗുണം ചെയ്യുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഞാൻ ഇനി ഇന്റർനെറ്റിൽ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ നിങ്ങൾക്ക് അവകാശം നൽകിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കണ്ടാൽ മതി. പിന്നെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ നിന്ന് തന്നെ അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ ചിരിച്ചവരെ ഞാൻ ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴുന്നില്ല. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ആ സ്വാഭാവികത തന്നെ എന്നെ സംരക്ഷിക്കുകയും ചെയ്യും. നിങ്ങൾക്ക് ശുഭദിനം ആശംസിക്കുന്നു


ALSO READ: Romancham Movie : രോമാഞ്ചം തിയറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറ പ്രവർത്തകർ


ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ അൽഫോൻസ് പുത്രൻ സിനിമയായിരുന്നു ഗോൾഡ്. ഡിസംബർ 29 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചു. ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തീയേറ്ററുകളിൽ എത്തിച്ചത്.


സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിച്ചത്. നയൻതാരയെത്തിയത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.


അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തിയ അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.