പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി വിമര്‍ശിച്ച്‌ തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമല പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്‍റെ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ഇന്ത്യ നിന്‍റെ തന്തയുടെ വകയല്ല' എന്നാണ് താരം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിനെ പരാമര്‍ശിച്ചായിരുന്നു അമലാ പോളിന്‍റെ സ്റ്റാറ്റസ്.


പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ഥിനി പൊലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ആ ചിത്രത്തിന്‍റെ സൂചനാ ചിത്രത്തിനൊപ്പമാണ് അമലയുടെ വിമര്‍ശനം. 


പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച്‌ ചലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണമായെത്തിയിരിക്കുന്നത്. 


നേരത്തെ വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടിമാരായ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.


'ജാമിയ, അലിഗഢ്.. ഭീകരത' എന്നായിരുന്നു പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ജാമിഅ സര്‍വകലാശാലയ്‌ക്കൊപ്പം നില്‍ക്കുക എന്നര്‍ഥം വരുന്ന ഹാഷ്ടാഗും താരം ട്വീറ്റ് ചെയ്തിരുന്നു. 


പ്രശസ്ത ഹോളിവുഡ് താരമായ ജോൺ കുസാക്ക്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടൻ രാജ്കുമാർ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരും ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐകദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. 


പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ്‌ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ' ടീം അറിയിച്ചിരുന്നു. 


സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടീമിന്‍റെ തീരുമാനത്തില്‍ പിന്തുണയുമായി ചലച്ചിത്ര താരം റിമാ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.