CAA പ്രതികരണം: കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് അപ്രത്യക്ഷം!
ദേശീയ പൗരത്വ നിയമത്തിനെതിരെ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയ സംവിധായകന്‍ അനുരാഗ് കശ്യപിന് ലഭിച്ചത് എട്ടിന്‍റെ പണി.
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയ സംവിധായകന്‍ അനുരാഗ് കശ്യപിന് ലഭിച്ചത് എട്ടിന്‍റെ പണി.
കശ്യപിന്‍റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന അനുരാഗ് കശ്യപിന് ഇപ്പോൾ 75000 ഫോളോവേഴ്സ് മാത്രമാണുള്ളത്.
ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുറവ് വന്നെന്ന് വെളിപ്പെടുത്തി സംവിധായകൻ അനുരാഗ് കശ്യപ് തന്നെയാണ് രംഗത്തെത്തിയത്.
തങ്ങള്‍ അനുരാഗ് കശ്യപിനെ അണ്‍ഫോളോ ചെയ്തിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയാണ് കാണിക്കുന്നതെന്നും ഇതിന് പിന്നാലെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ട്വിറ്റര്‍ ബോധപൂര്‍വ്വം അണ്‍ഫോളോ ചെയ്യിക്കുകയാണെന്നും ഈ നടപടി പിന്‍വലിക്കണമെന്നും നിരവധി പേര്‍ ഉദാഹരണ സഹിതം പ്രതികരിച്ചു.
ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് അനുരാഗ് ട്വീറ്റ് ചെയ്തത്.
നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച അനുരാഗ് കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.
ഇതിന് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുറവുണ്ടായതെന്ന് അനുരാഗ് പറയുന്നു. ഇപ്പോഴത്തെ ഫോളോവേഴ്സിന്റെ എണ്ണം കാണിക്കുന്ന സ്ക്രീൻഷോട്ട് സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായ കശ്യപ് കഴിഞ്ഞ ഓഗസ്റ്റിലാണ് സോഷ്യൽ മീഡിയയില്‍ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
ഭയമില്ലാതെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അനുവാദമില്ലാത്തിടത്ത് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് എന്ന് ട്വീറ്റ് ചെയ്താണ് കശ്യപ് ട്വിറ്റർ വിട്ടത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യത്തില്‍ അനുരാഗ് കശ്യപ് നടത്തിയ പ്രതികരണം വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു.
''അമ്പരപ്പിക്കുന്ന കാര്യം എന്താണെന്നു വെച്ചാൽ രാജ്യത്തെ 120 കോടി ജനങ്ങൾക്ക് നേട്ടമുണ്ടാകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതും നടപ്പിലാക്കുന്നതും ഒരൊറ്റ മനുഷ്യനാണ്'', എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്.