ഇന്ത്യയിൽ അവതാർ 2 ന് ഇതുവരെ വിറ്റുപോയത് ഒരു ലക്ഷം ടിക്കറ്റുകൾ; നിലവിലെ പ്രീ ബുക്കിങ്ങ് കളക്ഷൻ 4.24 കോടി
ഡിസംബർ 5 അർദ്ധ രാത്രിയോടെ അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ ഇന്ത്യയിലെ മൊത്തം അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയുടെ എണ്ണം ഒരു ലക്ഷം കടന്നു
അവതാർ ദി വേ ഓഫ് വാട്ടർ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മികച്ച ഒരു ബോക്സ് ഓഫീസ് തുടക്കം തന്നെ ചിത്രത്തിന് ഇന്ത്യയിൽ ലഭിക്കും എന്ന സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 5 അർദ്ധ രാത്രിയോടെ അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ ഇന്ത്യയിലെ മൊത്തം അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ രാജ്യമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്നും 1,00,121 ടിക്കറ്റുകളാണ് വിറ്റ് പോയത്.
ഇതിൽ 84,000 ടിക്കറ്റുകൾ ചിത്രത്തിന്‍റെ 3ഡി, ഐമാക്സ് 3ഡി പതിപ്പുകള്‍ക്കാണ് വിറ്റുപോയത്. ഇതോടെ അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ പ്രീ ബിസിനസ് കളക്ഷൻ 4.24 കോടി രൂപയായി. ഇന്നോ നാളെയോ ചിത്രം അഞ്ച് കോടിയിലധികം പ്രീ ബിസിനസ് കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ റിലീസിന് ഇനി പത്ത് ദിവസങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. നിലവിലെ സ്ഥിതി വച്ച് നോക്കുകയാണെങ്കിൽ ആദ്യ ദിവസത്തെ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങ് 10 കോടിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ട്.
നിലവിൽ ഇന്ത്യയിൽ ആദ്യ ദിവസം ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയ ചിത്രം അവഞ്ചേഴ്സ് എൻഡ് ഗെയിമാണ്. 53.10 കോടിയാണ് ഈ ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത്. പല പ്രമുഖ ഇന്ത്യൻ സിനിമകൾക്കും ഇന്നും തൊടാൻ പോലുമാകാത്ത റെക്കോർഡ് നേട്ടമായിരുന്നു ഈ തുക. ആദ്യ ദിന കളക്ഷനിൽ രണ്ടാം സ്ഥാനത്തുള്ള ചിത്രം സ്പൈഡർമാൻ നോ വേ ഹോമാണ്. ആദ്യ ദിനം 32.67 കോടി രൂപയാണ് ഈ ചിത്രം ഇന്ത്യയിൽ നിന്ന് കളക്ട് ചെയ്തത്.
കളക്ഷനിൽ മുൻനിരയിൽ നിൽക്കുന്ന ഈ വമ്പന്മാരുടെ കളക്ഷൻ അവതാർ ദി വേ ഓഫ് വാട്ടർ ആദ്യ ദിനം വെട്ടിക്കുമോ ഇല്ലയോ എന്നാണ് നിലവിൽ സിനിമാ പ്രേമികൾ ഉറ്റ് നോക്കുന്നത്. കോവിഡിന് ശേഷം മിക്ക ചിത്രങ്ങളും ആദ്യ ദിനം 50 കോടി എന്ന തുക മറി കടക്കാൻ പാടുപെടുന്നുണ്ട്. അതുകൊണ്ട് തന്നെ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്‍റെ ആദ്യ ദിന കളക്ഷൻ വെട്ടിക്കുക എന്നത് അവതാർ ദി വേ ഓഫ് വാട്ടറിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...