Avatar Box Office: ബോക്സ് ഓഫീസിൽ കിതച്ച് അവതാർ ദി വേ ഓഫ് വാട്ടർ; പ്രവചിച്ച കളക്ഷനും താഴെ?
Avatar Week End Box Office Report: എന്നാൽ ചിത്രത്തിന്‍റെ വീക്കെന്‍റ് കളക്ഷൻ റിപ്പോർട്ടുകൾ കുറച്ച് നിരാശപ്പെടുത്തുന്നതാണ്
ഡിസംബർ 16 നാണ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന അവതാർ ദി വേ ഓഫ് വാട്ടർ എന്ന ബ്രഹ്മാണ്ട ചിത്രം തീയറ്ററുകളിലെത്തിയത്. 2009 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം ലോകമെമ്പാട് നിന്നും 3 ബില്ല്യൺ യു.എസ് ഡോളറിനോടടുപ്പിച്ചാണ് കളക്ഷൻ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അവതാർ ദി വേ ഓഫ് വാട്ടറിനും ഒരു വമ്പൻ കളക്ഷൻ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചിത്രത്തിന്‍റെ വീക്കെന്‍റ് കളക്ഷൻ റിപ്പോർട്ടുകൾ കുറച്ച് നിരാശപ്പെടുത്തുന്നതാണ്.
ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ചിരുന്ന വീക്കെന്‍റ് കളക്ഷൻ 500 മില്ല്യൺ യു.എസ് ഡോളേഴ്സിന് മുകളിലാണ്. എന്നാൽ വെള്ളി, ശനി ഞായർ എന്നീ മൂന്ന് ദിവസങ്ങൾ കൊണ്ട് അവതാർ ദി വേ ഓഫ് വാട്ടർ ഗ്ലോബൽ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് കേവലം 435 മില്ല്യൺ യു.എസ് ഡോളർ മാത്രമാണ്. ഇപ്പോഴുള്ള നിരക്കിലാണ് അവതാർ ദി വേ വാട്ടർ മുന്നോട്ട് പോകുന്നതെങ്കില്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷൻ വെറും 1.5 ബില്ല്യൺ യു.എസ് ഡോളേഴ്സിൽ ഒതുങ്ങാനാണ് സാധ്യത. ഇത് പ്രതീക്ഷിച്ചതിലും വളരെയധികം കുറഞ്ഞ ഒരു സംഖ്യയാണ്. എന്നാൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലം തുണയ്ക്കുകയാണെങ്കിൽ അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ കളക്ഷൻ 2 ബില്ല്യൺ കടക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നുണ്ട്. ലോകമെമ്പാടും 52,000 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഗ്ലോബൽ ബോക്സ് ഓഫീസിൽ മോശം പ്രകടനം ആണെങ്കിലും അവതാർ ദി വേ ഓഫ് വാട്ടർ മികച്ച കളക്ഷനാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കുന്നത്. 42 കോടി രൂപയാണ് ചിത്രം ആദ്യ ദിനം നേടിയത്. ഇതോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമായി അവതാർ ദി വേ ഓഫ് വാട്ടർ മാറി. ചിത്രം റിലീസ് ചെയ്ത ആദ്യ വീക്കെന്‍റിൽ 129 കോടി രൂപയാണ് അവതാർ ദി വേ ഓഫ് വാട്ടർ സ്വന്തമാക്കിയത്.
ഈ വർഷം പുറത്തിറങ്ങിയ പല പ്രമുഖ ഇന്ത്യൻ ചിത്രങ്ങൾക്കും നേടാൻ സാധിക്കാത്ത കളക്ഷനാണ് അവതാർ ഇന്ത്യയിൽ നിന്നും കരസ്ഥമാക്കുന്നത്. എങ്കിലും 4000 സ്ക്രീനുകളിൽ റിലീസ് ചെയ്ത് സർവ കാല റെക്കോർഡിട്ട അവതാർ ദി വേ ഓഫ് വാട്ടറിന് 2019 ൽ വെറും 2800 സ്ക്രീനുകളിൽ റിലീസ് ചെയ്ത അവഞ്ചേഴ്സ് എൻഡ് ഗെയിമിന്‍റെ 53 കോടി രൂപയെന്ന ഫസ്റ്റ് ഡേ കളക്ഷൻ മറി കടക്കാൻ സാധിച്ചില്ല എന്നത് നിരാശ പകരുന്ന കാര്യം തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...