Vineeth Sreenivasan: ആശാനൊപ്പം എത്തി നിൽക്കുന്ന ശിഷ്യന്മാർ; വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ്സ് ആയിരുന്ന ഇവർ ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരാണ്...
വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻറെ സഹ സംവിധായകരായി തുടങ്ങിയ ഇവർ ഇന്ന് മലയാള സിനിമയിലെ പ്രമുഖ സംവിധായകരാണ്.
അഭിനയത്തിലും സംവിധാനത്തിലും സംഗീതത്തിലും എല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം ആണ് വിനീത് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. വിനീത് നായകനായി അവസാനം പുറത്തിറങ്ങിയത് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമായ ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയം സ്വന്തമാക്കുന്നുണ്ട്. പ്രേക്ഷകർക്കിടയിൽ വിനീതിന്റെ ചിത്രങ്ങൾക്ക് ഗംഭീരം സ്വീകരണമാണ് ലഭിക്കാറുള്ളത്.
വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായും അസോസിയേറ്റായും ഒക്കെ വർക്ക് ചെയ്തവർ ഇന്ന് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ്. ബേസിൽ ജോസഫ്, ജൂഡ് ആന്റണി എന്നിവരാണ് ഇതിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പേരുകൾ. ഇരുവരും സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും തങ്ങളുടെ മികവ് തെളിയിച്ച് കഴിഞ്ഞു.
ബേസിൽ ജോസഫ് - 2013ൽ റിലീസ് ചെയ്ത തിര എന്ന ചിത്രത്തിൽ വിനീതിന്റെ സഹസംവിധായകൻ ആയിരുന്ന ബേസിൽ ജോസഫ് 2015ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. വിനീത്, ധ്യാൻ, അജു വർഗീസ്, ബിജു മേനോൻ തുടങ്ങി വലിയ താരനിര അണിനിരന്ന കുഞ്ഞിരാമായണം എന്ന ചിത്രമാണ് ബേസിലിന്റെ ആദ്യ ചിത്രം. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റ് ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയാണ് ബേസിൽ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. അഭിനയത്തിലും ബേസിൽ തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രമാണ് ബേസിൽ അവസാനം അഭിനയിച്ച ചിത്രം.
ജൂഡ് ആന്റണി - ക്രേസി ഗോപാലൻ എന്ന ദിലീപ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആയി തുടങ്ങിയ ജൂഡ് പിന്നീട് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളിൽ സഹ സംവിധായകനായി. തുടർന്ന് 2014ൽ ഓം സാന്തി ഓശാന എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ഒരു മുത്തശ്ശി ഗഥ, സാറാസ് എന്നീ ചിത്രങ്ങളും ജൂഡ് സംവിധാനം ചെയ്തത്. നിരവധി ചിത്രങ്ങളിലും ജൂഡ് അഭിനയിച്ചിട്ടുണ്ട്.
ജിജോ ആന്റണി - വിനീത് ശ്രീനിവാസനെ കൂടാതെ ആഷിക് അബു, വികെ പ്രകാശ് എന്നീ സംവിധായകർക്കൊപ്പവും അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത സംവിധായകനാണ് ജിജോ ആന്റണി. 2014ലാണ് ആദ്യ സംവിധാന സംരംഭമായ 'കൊന്തയും പൂണുലും' പുറത്തിറക്കുന്നത്. ഡാര്‍വിന്റെ പരിണാമം, പോക്കിരി സൈമണ്‍, അടിത്തട്ട് തുടങ്ങിയ ചിത്രങ്ങളും ജിജോ സംവിധാനം ചെയ്തു.
ഗണേശ് രാജ് - തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ വിനീത് ശ്രീനിവാസൻ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഗണേഷ് രാജ്. ബാംഗ്ലൂര്‍ ഡെയ്‌സിലും ഗണേശ് വർക്ക് ചെയ്തിട്ടുണ്ട്. 2016ല്‍ ആനന്ദം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഗണേശ് സ്വതന്ത്ര സംവിധായകനാകുന്നത്.
ജി.പ്രജിത്ത് - തട്ടത്തിന്‍ മറയത്ത്, തിര എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്ന ജി. പ്രജിത്ത് 2015ല്‍ വിനീതിന്റെ തിരക്കഥയില്‍ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്രസംവിധായകനായത്. നിവിന്‍ പോളി നായകനായ ചിത്രം വാണിജ്യപരമായി മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...