Bigg Boss Season 5 Promo : `വരൂ ഒറിജിനാലിറ്റി ആഘോഷിക്കാം`; ബിഗ് ബോസ് 5 ന്റെ പ്രോമോ പുറത്തുവിട്ടു
മോഹൻലാൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5നായി.
ബിഗ് ബോസ് മലയാളത്തിന്റെ അടുത്ത സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിന്റെ പുതിയ പ്രോമോ പുറത്തുവിട്ടു, വരൂ ഒറിജിനാലിറ്റി ആഘോഷിക്കാം എന്ന പ്രോമോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5നായി. പുതിയ പ്രോമോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. 'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും' എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസിന്റെ അഞ്ചാം സീസൺ എത്തുന്നത്. വളരെ വ്യത്യസ്തമായ പ്രോമോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നതും.
സീസൺ 5ന്റെ ഒരു പ്രോമോ ഫെബ്രുവരി അവസാനം പുറത്തുവിട്ടിരുന്നു, പ്രോമോയിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരിക്കുന്ന മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബിഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എത്ര ജിമ്മൻമാർ കാണും, ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ ? എന്നൊക്കെയാണ് സീസൺ 5നെ കുറിച്ച് പെൺകുട്ടികൾ ചോദിക്കുന്നത്. ഒറിജിനൽ ആൾക്കാരാണ് വരാൻ പോകുന്നതെന്നാണ് ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി. 'തീ പാറും... വെയ്റ്റ് ആൻഡ് സീ' എന്നും മോഹൻലാൽ പെൺകുട്ടികളോട് പറയുന്നു. ഓരോ സീസണുകൾ കഴിയുന്തോറും കൂടുതൽ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബിഗ് ബോസെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 15ന് ഏഷ്യാനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഒപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും.
മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥികളെ പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ട്. എപ്പിസോഡുകൾ ഏഷ്യാനെറ്റിലും ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് ലഭിക്കുക. കൂടാതെ ഹോട്ട്സ്റ്റാറിൽ എപ്പിസോഡുകൾ കാണാനും സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...