Bramayugam: ഇത് വേറെ ലെവൽ..!! മമ്മൂട്ടിയുടെ കരിയർ ബെസ്റ്റാകുമോ ഭ്രമയുഗം? പുതിയ പോസ്റ്ററെത്തി
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ മമ്മൂട്ടിയെ ആണ് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കിയത്. ടെറിഫിക് ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്റർ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിച്ചിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനായി മാത്രം ആരംഭിച്ച നിർമ്മാണ കമ്പനിയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്രയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്.
ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവന്റെ വാക്കുകൾ ഇങ്ങനെ, "മമ്മൂക്കയെ വച്ചൊരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. 'ഭ്രമയുഗം' കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിലും സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
Also Read: Identity Movie: മോളിവുഡിൽ ചുവടുവയ്ക്കാൻ മന്ദിര ബേദി; 'ഐഡന്റിറ്റി'യുടെ താരനിരയിൽ ബോളിവുഡ് താരവും
കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് 'ഭ്രമയുഗം' ചിത്രീകരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ഭ്രമയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പിആർഒ: ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...