CBI 5 : സിബിഐ 5 ദി ബ്രെയിൻ: അഞ്ചാമത് സിബിഐ ചിത്രത്തിൻറെ മോഷൻ പോസ്റ്ററെത്തി
CBI 5; The Brain :സൈന മൂവീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
Kochi : അഞ്ചാമത് സിബിഐ ചിത്രത്തിൻറെ പേര് പുറത്ത് വിട്ടു. സിബിഐ 5 ദി ബ്രെയിൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. സൈന മൂവീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്.
നേരത്തെ തന്നെ ലൊക്കേഷനിലെ ചിത്രങ്ങളും സിനിമയുടെ ഒരു സ്റ്റീലും മമ്മൂട്ടി പങ്ക് വെച്ചിരുന്നു. ഇത് കൂടാതെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒപ്പം നിരവധി ഫാന്‍സ് പോസ്റ്റര്‍ ഡിസൈനുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എല്ലാം തന്നെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്.
ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും എത്തുന്നുണ്ട്. ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് ൩൪ വർഷങ്ങൾ തികഞ്ഞിരുന്നു. അതിന് ശേഷം ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിൻറെ അഞ്ചാം ഭാഗം കൂടി ഇറങ്ങുന്നതോട് കൂടി ഒരു അപൂർവ റെക്കോർഡ് കൂടി നേടുകയാണ് ഈ സീരീസ്. ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.
സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.