Christopher Movie: സെൻസറിങ്ങ് കഴിഞ്ഞു, മമ്മൂട്ടിയുടെ `ക്രിസ്റ്റഫറി`ന് യു/എ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയേറ്ററിൽ
ക്രിസ്റ്റഫർ ഉടൻ വരുന്നു എന്ന കുറിപ്പുമായി മമ്മൂട്ടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം പ്രേക്ഷകർ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ക്രിസ്റ്റഫറിന്റെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ടര മണിക്കൂറാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൂടാതെ ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തുമെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു. ക്രിസ്റ്റഫർ ഉടൻ വരുന്നു എന്ന കുറിപ്പുമായി മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ റിലീസ് തിയതി വ്യക്തമാക്കിയിരുന്നില്ല. മമ്മൂട്ടി പങ്കുവെച്ച ചിത്രം പ്രേക്ഷകർ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
ചിത്രത്തിൻറെ ടീസർ പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Also Read: Thalapathy 67 : ദളപതി 67ൽ മാത്യു തോമസും; വിജയ്-ലോകേഷ് ചിത്രത്തിൽ അണിനിരയ്ക്കുന്നത് വൻതാരങ്ങൾ
എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്റ്റഫറിന്റെ ചിത്രീകരണം. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ.
ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...