Shane Nigam and Sreenath Bhasi: ഇനി ഇല്ല വിലക്ക്! ഷെയിന്‍ നിഗമുമായും ശ്രീനാഥ് ഭാസിയുമായും `സഹകരിക്കാം`... ആര്‍ഡിഎക്‌സ് ഇഫക്ടോ?
Shane Nigam and Sreenath Bhasi: സെറ്റിലെ മോശം പെരുമാറ്റവും പ്രതിഫലത്തിലെ തർക്കവും ഉൾപ്പെടെ ആയിരുന്നു ശ്രീനാഥിനും ഷെയിനിനും എതിരെ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന ആരോപണം.
കൊച്ചി: മലയാള സിനിമയില്‍ പ്രഖ്യാപിത വിലക്കുകളും അപ്രഖ്യാപിത വിലക്കുകളും കാലങ്ങളായി നിലനില്‍ക്കുന്ന ഒരു സംഗതിയാണ്. ഏറ്റവും ഒടുവില്‍ അതിന് ഇരയായത് യുവതാരങ്ങളായ ഷെയിന്‍ നിഗമും ശ്രീനാഥ് ഭാസിയും ആയിരുന്നു. യുവതാരങ്ങളെ വിലക്കി എന്ന് പറയാതെ, അവരുമായി സഹകരിക്കില്ല എന്ന വാദമായിരുന്നു സിനിമ സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്തായാലും രണ്ട് പേര്‍ക്കും ഉണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് ഇപ്പോള്‍ നീക്കിയിരിക്കുകയാണ്.
2023 ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും എതിരെ നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും താരസംഘടനയും സംയുക്തമായ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇവര്‍ക്കെതിരെയുള്ള അപ്രഖ്യാപിത വിലക്കിനെ സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടായി. അപ്പോഴും വിലക്ക് എന്ന വാക്ക് ഉപയോഗിക്കാന്‍ സിനിമ സംഘടനകള്‍ തയ്യാറായിരുന്നില്ല.
Read Also: ഇത് ''അടി''കൂടി നേടിയ വിജയം; ഓണം കളറാക്കി 'ആർഡിഎക്സ്', ആദ്യ ദിനം നേടിയത് ഇത്രയും..!!
ഷെയിന്‍ നിഗമുമായും ശ്രീനാഥ് ഭാസിയുമായും നിര്‍മാതാക്കളുടെ സംഘടനയിലെ അംഗങ്ങള്‍ സഹകരിക്കില്ല എന്നതായിരുന്നു തീരുമാനം. മറ്റ് സംഘടനകളും ഇതിനെ പിന്തുണച്ചു. സിനിമ സെറ്റുകളിലെ മോശം പെരുമാറ്റങ്ങളും പ്രതിഫലം സംബന്ധിച്ച തര്‍ക്കങ്ങളും ഒക്കെയായിരുന്നു ഈ അപ്രഖ്യാപിത വിലക്കിന് പിറകിലെ കാരങ്ങള്‍ എന്നാണ് വാദം. എന്നാല്‍ യുവതാരങ്ങള്‍ പലരും ഇത്തരം ആക്ഷേപങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.
അപ്രഖ്യാപിത വിലക്ക് നീക്കുന്നതിനായി പലവിധത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനിടെ ശ്രീനാഥ് ഭാസി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് മാപ്പപേക്ഷ നല്‍കി. പ്രതിഫലക്കാര്യത്തില്‍ ഷെയിന്‍ നിഗം വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് സിനിമകള്‍ക്കായി മുന്‍കൂര്‍ വാങ്ങിയ പണം തിരിച്ചുനല്‍കാനും ഷെയിന്‍ തയ്യാറായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
എന്തായാലും ഷെയിന്‍ നിഗം അഭിനയിച്ച ആര്‍ഡിഎക്‌സ് എന്ന ആക്ഷന്‍ ചിത്രം തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് വിലക്ക് നീക്കിയ വാര്‍ത്തയും പുറത്ത് വരുന്നത്. അടുത്ത കാലത്ത് മലയാള സിനിമയില്‍ ഏറ്റവും മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നോട്ട് പോവുകയാണ് ആര്‍ഡിഎക്‌സ്. ഷെയിന്‍ നിഗമിന് പുറമേ ആന്റണി വര്‍ഗ്ഗീസ് (പെപ്പെ), നീരജ് മാധവന്‍ എന്നിവരും ആര്‍ഡിഎക്‌സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നഹാസ് ഹിദായത്താണ് സിനിമയുടെ സംവിധായകന്‍. ശ്രീനാഥ് ഭാസിയുടെ ഒടുവില്‍ ഇറങ്ങിയ ചിത്രം 'പടച്ചോനെ ങ്ങള് കാത്തോളീ' എന്ന ചിത്രവും തരക്കേടില്ലാത്ത അഭിപ്രായം നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...